---
title: "മമ്മൂട്ടിയോട് പരസ്യമായി മാപ്പുപറഞ്ഞ് മുഖ്യമന്ത്രി; സിപിഎമ്മിൽ പുകച്ചിൽ, അണികൾക്കിടയിൽ ഭിന്നത രൂക്ഷം"
english_title: "Chief Minister publicly apologizes to Mammootty; CPM infighting, divisions among ranks intensify"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346707/chief-minister-publicly-apologizes-to-mammootty-cpm-infighting-divisions-among-ranks-intensify"
published_at: "2026-03-10T09:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af92ff59d4a_CPM_infighting,_divisions_among_ranks_intensify.jpg"
keywords: []
---

# മമ്മൂട്ടിയോട് പരസ്യമായി മാപ്പുപറഞ്ഞ് മുഖ്യമന്ത്രി; സിപിഎമ്മിൽ പുകച്ചിൽ, അണികൾക്കിടയിൽ ഭിന്നത രൂക്ഷം

> **Lead Summary:** വയനാട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ സംഭവങ്ങളിൽ നടൻ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി മാപ്പുപറഞ്ഞ നടപടി സിപിഎമ്മിനുള്ളിൽ വലിയ ചർച്ചകൾക്കും ഭിന്നതയ്ക്കും വഴിവെക്കുന്നു. പാർട്ടി കീഴ്ഘടകങ്ങളിലും സൈബർ ഇടങ്ങളിലും ഒരു വിഭാഗം പ്രവർത്തകർ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. ഭരണത്തലവൻ എന്ന നിലയിൽ ഇത്രയും വിനീതമായ ഔദ്യോഗിക ഖേദപ്രകടനം അനാവശ്യമായിരുന്നു എന്നാണ് ഇവരുടെ വാദം.

## Article Content

വയനാട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ സംഭവങ്ങളിൽ നടൻ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി മാപ്പുപറഞ്ഞ നടപടി സിപിഎമ്മിനുള്ളിൽ വലിയ ചർച്ചകൾക്കും ഭിന്നതയ്ക്കും വഴിവെക്കുന്നു. പാർട്ടി കീഴ്ഘടകങ്ങളിലും സൈബർ ഇടങ്ങളിലും ഒരു വിഭാഗം പ്രവർത്തകർ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. ഭരണത്തലവൻ എന്ന നിലയിൽ ഇത്രയും വിനീതമായ ഔദ്യോഗിക ഖേദപ്രകടനം അനാവശ്യമായിരുന്നു എന്നാണ് ഇവരുടെ വാദം.

അതേസമയം, രാഷ്ട്രീയത്തിനതീതമായ സൗഹൃദവും മാന്യതയുമാണ് മുഖ്യമന്ത്രി കാണിച്ചതെന്ന് വാദിക്കുന്ന മറ്റൊരു വിഭാഗം അദ്ദേഹത്തെയും മമ്മൂട്ടിയെയും പിന്തുണയ്ക്കുന്നുണ്ട്. ഇന്നലെയാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി മമ്മൂട്ടിയോട് ഖേദപ്രകടനം നടത്തിയത്.

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എന്നും കേരളത്തിന്‍റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടിയെന്നും പെരുമ്പളം പാലത്തെ മമ്മൂട്ടി പ്രകീർത്തിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരെയും അറിയിച്ച ശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാൻ മമ്മൂട്ടിയെത്തിയത്. ചെന്നൈയിൽ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു അത്. അതിനാൽ തന്നെ സദുദ്ദേശത്തോടെയാണ് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും വിവാദമാകുമെന്നും കരുതി മമ്മൂട്ടി അത്തരത്തിൽ ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാൽ, നമ്മുടെ നാട്ടിൽ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. നല്ല നിലയിൽ ഇടപെടുന്നയാളാണ് സിപിഎം ജില്ലാ സെക്രട്ടറിയായ കെ റഫീഖ്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം ക്യാമറ വസ്ത്രത്തിൽ വെച്ച് നടക്കുന്നവര്‍ വിവാദമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346707/chief-minister-publicly-apologizes-to-mammootty-cpm-infighting-divisions-among-ranks-intensify)