---
title: "ഗ്യാസ് പൂഴ്ത്തിവെയ്പ്പിനെതിരെ നടപടി കർശനം; സിലിണ്ടർ നിയന്ത്രണത്തിൽ കേന്ദ്രത്തിന് കത്തയക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ"
english_title: "Minister G.R. Anil says he will write to the Center on cylinder control"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346672/minister-gr-anil-says-he-will-write-to-the-center-on-cylinder-control"
published_at: "2026-03-09T20:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aee6d852bd0_13.jpg"
keywords: []
---

# ഗ്യാസ് പൂഴ്ത്തിവെയ്പ്പിനെതിരെ നടപടി കർശനം; സിലിണ്ടർ നിയന്ത്രണത്തിൽ കേന്ദ്രത്തിന് കത്തയക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ

> **Lead Summary:** സംസ്ഥാനത്ത് പാചകവാതക സിലിണ്ടറുകളുടെ പൂഴ്ത്തിവെയ്പ്പും അനധികൃത ഉപയോഗവും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

## Article Content

സംസ്ഥാനത്ത് പാചകവാതക സിലിണ്ടറുകളുടെ പൂഴ്ത്തിവെയ്പ്പും അനധികൃത ഉപയോഗവും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

മധ്യേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് എൽപിജി ലഭ്യതയിൽ കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത എണ്ണക്കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സിലിണ്ടർ ബുക്ക് ചെയ്താൽ അടുത്തതിന് 25 ദിവസം കാത്തിരിക്കണമെന്ന കേന്ദ്ര നിർദ്ദേശം ഉപഭോക്താക്കൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് നിലവിൽ ക്ഷാമമില്ലെന്നും ആശുപത്രികൾ ഉൾപ്പെടെയുള്ള മുൻഗണനാ വിഭാഗങ്ങളെ ഈ നിയന്ത്രണം ബാധിക്കില്ലെന്നും കമ്പനികൾ അറിയിച്ചു.

വ്യാവസായിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ ലഭ്യത കുറയുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഗ്യാസ് ലഭ്യത ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346672/minister-gr-anil-says-he-will-write-to-the-center-on-cylinder-control)