---
title: "ചർച്ച ഏകപക്ഷീയമെന്ന് പരാതി, എൻസിപിയിൽ തർക്കം രൂക്ഷം; യോ​ഗത്തിൽ നിന്ന് മന്ത്രി എകെ ശശീന്ദ്രൻ ഇറങ്ങിപ്പോയി"
english_title: "minister ak saseendran walks out of ncp meeting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346653/minister-ak-saseendran-walks-out-of-ncp-meeting"
published_at: "2026-03-09T18:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aec502ea965_ak_saseendran.jpg"
keywords: []
---

# ചർച്ച ഏകപക്ഷീയമെന്ന് പരാതി, എൻസിപിയിൽ തർക്കം രൂക്ഷം; യോ​ഗത്തിൽ നിന്ന് മന്ത്രി എകെ ശശീന്ദ്രൻ ഇറങ്ങിപ്പോയി

> **Lead Summary:** **തിരുവനന്തപുരം: **എലത്തൂര്‍ സീറ്റിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിന് പിന്നാലെ മന്ത്രി എ കെ ശശീന്ദ്രന്‍ എന്‍സിപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. മാറിനില്‍ക്കണമെന്ന് പി സി ചാക്കോ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. കൂടിയാലോചനയില്ലാത്ത തീരുമാനമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

## Article Content

**തിരുവനന്തപുരം: **എലത്തൂര്‍ സീറ്റിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിന് പിന്നാലെ മന്ത്രി എ കെ ശശീന്ദ്രന്‍ എന്‍സിപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. മാറിനില്‍ക്കണമെന്ന് പി സി ചാക്കോ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. കൂടിയാലോചനയില്ലാത്ത തീരുമാനമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഏകപക്ഷീയ തീരുമാനം പ്രഖ്യാപിച്ചാൽ യോഗം നടത്തേണ്ട ആവശ്യമില്ലല്ലോ എന്നും ശശീന്ദ്രൻ പറഞ്ഞു. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേര്‍ന്ന എന്‍സിപി യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

ശശീന്ദ്രന്‍ ഇത്തവണ മാറി മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ താത്പര്യം. എന്നാല്‍ ഇതിന് അദ്ദേഹം തയ്യാറാവുന്നില്ലെന്ന് ജില്ലാ നേതാക്കള്‍ പറഞ്ഞിരുന്നു. എലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ശശീന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന് എന്‍സിപി കോഴിക്കോട് ജില്ല അധ്യക്ഷന്‍ മുക്കം മുഹമ്മദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മത്സരിക്കുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു എ കെ ശശീന്ദ്രന്‍ മറുപടി പറഞ്ഞത്.

1980 മുതൽ എ കെ ശശീന്ദ്രൻ മത്സര രംഗത്തുണ്ട്. ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പത്ത് വർഷത്തോളം മന്ത്രിസ്ഥാനത്തും ഉണ്ടായി. പാർട്ടി പറഞ്ഞാൽ എലത്തൂർ മണ്ഡലത്തിൽ നിന്ന് ഇത്തവണയും മത്സരിക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346653/minister-ak-saseendran-walks-out-of-ncp-meeting)