---
title: "ലോകത്തിന്റെ നെറുകയിൽ സഞ്ജു; തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍"
english_title: "T20 World Cup: State government to give official welcome to Sanju Samson"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346527/t20-world-cup-state-government-to-give-official-welcome-to-sanju-samson-new"
published_at: "2026-03-09T10:46:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae58001b2eb_sanju.jpg"
keywords: []
---

# ലോകത്തിന്റെ നെറുകയിൽ സഞ്ജു; തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

> **Lead Summary:** **തിരുവനന്തപുരം: ** ടി20 ലോകകപ്പിലെ താരമായി (പ്ലെയർ ഓഫ് ദി ടൂർണമെന്റ്) തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് താരത്തെ ആദരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ** ടി20 ലോകകപ്പിലെ താരമായി (പ്ലെയർ ഓഫ് ദി ടൂർണമെന്റ്) തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് താരത്തെ ആദരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

> "ലോകമെമ്പാടുമുള്ള കായികപ്രേമികൾ ഉറ്റുനോക്കുന്ന വ്യക്തിത്വമായി കേരളത്തിന്റെ സ്വന്തം പുത്രൻ മാറിയിരിക്കുന്നു. ഏറെക്കാലം അവസരങ്ങൾ നിഷേധിക്കപ്പെട്ടപ്പോഴും പതറാതെ, ആത്മാർത്ഥതയും കഠിനാധ്വാനവും കൊണ്ട് ലോകത്തിന്റെ നെറുകയിൽ എത്തിയ സഞ്ജുവിന്റെ നേട്ടം അഭിമാനകരമാണ്. ഈ വലിയ വിജയത്തിൽ സംസ്ഥാന സർക്കാർ സഞ്ജുവിനെ അഭിനന്ദിക്കുന്നു," എന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെത്തുന്ന സഞ്ജുവിന് തിരുവനന്തപുരത്ത് സ്വീകരണം നൽകും. ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് സഞ്ജുവിന്‍റെ പിതാവിനെ കാണും. രാവിലെ സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും കഴിഞ്ഞില്ലെന്നും ശിവന്‍ കുട്ടി പറഞ്ഞു. ടി20 ലോക കപ്പ് ഫൈനലിലും സെമിയിലും വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ 8 മത്സരത്തിലും ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു സഞ്ജു.

ലോകകപ്പ് റണ്‍വേട്ടയില്‍ വെറും അഞ്ച് മത്സരങ്ങള്‍ കളിച്ചാണ് 321 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ അഭിഷേക് ശര്‍മ അസുഖബാധിതനായപ്പോള്‍ മാത്രം നമീബിയക്കെതിരെ അവസരം ലഭിച്ച സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

അതേസമയം ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസണിനെ അഭിനന്ദിച്ചുകൊണ്ട് ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി. ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന്റെ പ്രകടനത്തെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കോലി പ്രകീർത്തിച്ചത്.

ഏറ്റവും പ്രധാനപ്പെട്ട സമയത്ത് നിങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് കുറിച്ച കോലി നിങ്ങളെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം, ചേട്ടാ എന്നും കൂട്ടിച്ചേർത്തു. ടൂർണമെന്റിലെ ഏറ്റവും അർഹതപ്പെട്ടയാൾക്ക് തന്നെ മാൻ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം ലഭിച്ചെന്നും കോലി കുറിച്ചു.

മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടുള്ള കോലിയുടെ കുറിപ്പ് ആരാധകർക്കിടയിൽ തരംഗമായിക്കഴിഞ്ഞു. അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ന്യൂസീലൻഡിനെ 96 റൺസിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം ടി20 കിരീടം നേടിയത്. ടൂർണമെന്റിൽ വെറും അഞ്ചു മത്സരങ്ങൾ മാത്രം കളിച്ചാണ് സഞ്ജു പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം നേടിയത്. 80.25 ശരാശരിയിലും 199.37 സ്‌ട്രൈക്ക് റേറ്റിലും 321 റൺസാണ് സഞ്ജു നേടിയത്.

വിരാട് കോലി (2014, 2016), ജസ്പ്രീത് ബുംറ (2024) എന്നിവർക്ക് ശേഷം ഈ ബഹുമതി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സഞ്ജുവിന് സ്വന്തമായി. വെറും അഞ്ച് മത്സരങ്ങൾ കളിച്ച സഞ്ജുവാണ് ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ. ഫൈനലിൽ 46 പന്തിൽ നിന്ന് 89 റൺസ് നേടി ടോപ് സ്‌കോററായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346527/t20-world-cup-state-government-to-give-official-welcome-to-sanju-samson-new)