---
title: "സഞ്ജുവിന്റെ വിശ്വവിജയത്തിന് പിന്നിൽ ക്രിക്കറ്റ് ദൈവം 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍'; രഹസ്യം വെളിപ്പെടുത്തി ലോകകപ്പിന്റെ താരം"
english_title: "T20 World Cup, batting legend Sachin Tendulkar is behind this comeback sanju samson"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346495/t20-world-cup-batting-legend-sachin-tendulkar-is-behind-this-comeback-sanju-samson"
published_at: "2026-03-09T07:37:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae2bb6c9bbb_sanju.jpg"
keywords: []
---

# സഞ്ജുവിന്റെ വിശ്വവിജയത്തിന് പിന്നിൽ ക്രിക്കറ്റ് ദൈവം 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍'; രഹസ്യം വെളിപ്പെടുത്തി ലോകകപ്പിന്റെ താരം

> **Lead Summary:** **അഹമ്മദാബാദ്: **ടി20 ലോകകപ്പിൽ ഇന്ത്യ മൂന്നാം കിരീടം ചൂടുമ്പോൾ ലോകം ഉറ്റുനോക്കിയത് സഞ്ജു സാംസൺ എന്ന മലയാളി കരുത്തിനെയുമാണ്. ടൂർണമെന്റിലുടനീളം പുറത്തെടുത്ത തകർപ്പൻ പ്രകടനത്തോടെ ലോകകപ്പിന്റെ താരം പുരസ്‌കാരം സഞ്ജു സ്വന്തമാക്കി.

## Article Content

**അഹമ്മദാബാദ്: **ടി20 ലോകകപ്പിൽ ഇന്ത്യ മൂന്നാം കിരീടം ചൂടുമ്പോൾ ലോകം ഉറ്റുനോക്കിയത് സഞ്ജു സാംസൺ എന്ന മലയാളി കരുത്തിനെയുമാണ്. ടൂർണമെന്റിലുടനീളം പുറത്തെടുത്ത തകർപ്പൻ പ്രകടനത്തോടെ ലോകകപ്പിന്റെ താരം പുരസ്‌കാരം സഞ്ജു സ്വന്തമാക്കി.

 വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 321 റണ്‍സടിച്ചാണ് ലോകകപ്പിന്‍റെ താരമായത്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ പ്ലേയിംഗ് ഇലവനില്‍ പോലും ഇടമില്ലാതിരുന്ന സഞ്ജുവിന് അഭിഷേക് ശര്‍മ അസുഖബാധിതനായപ്പോള്‍ നമീബിയക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.

അഭിഷേക് ശര്‍മ തുടര്‍ച്ചയായി മൂന്ന് ഡക്കടിച്ചിട്ടും അവസരം ലഭിക്കാതിരുന്ന സഞ്ജു പിന്നീട് സൂപ്പര്‍ 8ല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റ് സെമിയിലെത്താതെ പുറത്താകുമെന്ന ഘട്ടത്തിലാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. സിംബാബ്‌വെക്കെതിരെ ടീമിന് തകര്‍പ്പൻ തുടക്കമിട്ട സഞ്ജു പിന്നീട് മൂന്ന് കളിയിലും ടീമിന്‍റെ ടോപ് സ്കോററായാണ് ലോകകപ്പിന്‍റെ താരമായത്.

സ്വപ്നതുല്യമായ ഈ തിരിച്ചുവരവിന് പിന്നില്‍ ആരാണെന്ന് ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സഞ്ജു തന്നെ വെളിപ്പെടുത്തി. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളിൽനിന്നും മുൻ താരങ്ങളില്‍ നിന്നും കളി മെച്ചപ്പെടുത്താനായി എനിക്ക് ഒരുപാട് മാർഗനിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.

അവരെല്ലാം എന്നെ പരമാവധി സഹായിക്കാൻ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ടുള്ള ഒരു കാര്യം ഇവിടെ തറന്നുപറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സച്ചിൻ ടെൻഡുൽക്കറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നഷ്ടമായ സമയത്ത് എങ്ങനെയുള്ള മനോഭാവമാണ് വേണ്ടതെന്ന് ഞാൻ ചിന്തിച്ചു.

അങ്ങനെയാണ് ഞാന്‍ ഉപദേശം ചോദിച്ച് സച്ചിൻ സാറെ വിളിച്ചത്. അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചു. കളി കാണാതെ പുറത്തിരിക്കുമ്പോഴും പുലർത്തേണ്ട പോസിറ്റീവ് മനോഭാവത്തെക്കുറിച്ച് സച്ചിൻ എന്നെ ഉപദേശിച്ചു. ഓരോ മത്സരത്തിനും മുമ്പുള്ള തയ്യാറെടുപ്പുകൾ, കളിയെക്കുറിച്ചുള്ള അവബോധം എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്‍റെ പങ്ക് വലുതാണ്.

ഇന്നലെ പോലും ഞാൻ എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹത്തെപ്പോലൊരാളിൽ നിന്ന് മാർഗനിർദ്ദേശം ലഭിക്കുക എന്നതിൽ കൂടുതൽ എന്താണ് എനിക്ക് ചോദിക്കാൻ കഴിയുക. കഴിഞ്ഞ രണ്ട് മാസമായി സച്ചിൻ നൽകിയ കൃത്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങുമാണ് എന്‍റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചത്- സഞ്ജു വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346495/t20-world-cup-batting-legend-sachin-tendulkar-is-behind-this-comeback-sanju-samson)