---
title: " 'സഞ്ജുവിൻ്റെ പ്രകടനം ഓരോ മലയാളിക്കും ആവേശമാണ്'; ലോകകപ്പ് നായകനെ പ്രകീർത്തിച്ച്  പിണറായി വിജയനും എം.കെ സ്റ്റാലിനും"
english_title: " Chief Ministers of Kerala and Tamil Nadu have praised and congratulated the Indian team's World Cup performance and Sanju."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346479/chief-ministers-of-kerala-and-tamil-nadu-have-praised-and-congratulated-the-indian-teams-world-cup-performance-and-sanju"
published_at: "2026-03-09T00:01:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69adc0901c0ea_ghm.jpg"
keywords: []
---

#  'സഞ്ജുവിൻ്റെ പ്രകടനം ഓരോ മലയാളിക്കും ആവേശമാണ്'; ലോകകപ്പ് നായകനെ പ്രകീർത്തിച്ച്  പിണറായി വിജയനും എം.കെ സ്റ്റാലിനും

> **Lead Summary:** **തിരുവനന്തപുരം: **ഇന്ത്യൻ ടീമിൻ്റെ ലോകകപ്പ് വിജയത്തിൽ സഞ്ജുവിൻ്റെ പ്രകടനത്തെ പേരെടുത്ത് പ്രകീർത്തിച്ച് അഭിനന്ദനവുമായി കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർ.

## Article Content

**തിരുവനന്തപുരം: **ഇന്ത്യൻ ടീമിൻ്റെ ലോകകപ്പ് വിജയത്തിൽ സഞ്ജുവിൻ്റെ പ്രകടനത്തെ പേരെടുത്ത് പ്രകീർത്തിച്ച് അഭിനന്ദനവുമായി കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർ.

സഞ്ജുവിൻ്റെ പ്രകടനം ഓരോ മലയാളിക്കും ആവേശമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചപ്പോൾ, സഞ്ജു കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ആധികാരികമായ പ്രകടനം കാഴ്ചവെച്ചെന്ന് എംകെ സ്റ്റാലിനും അഭിപ്രായപ്പെട്ടു.

ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളിൽ സംയമനത്തോടെ സഞ്ജു പ്രകടനം കാഴ്ചവെച്ചെന്നും ഇന്ത്യൻ ടീമിന് അഭിനന്ദനം നേർന്നുകൊണ്ട് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

*സ്വന്തം മണ്ണിൽ കിരീടം നേടി ലോക ക്രിക്കറ്റിന്റെ നെറുകയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം. ന്യൂസിലാൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു.*

*ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണ്. ഫൈനലിലെ നിർണ്ണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിംഗിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയർ ഓഫ് ദി ടൂർണമെന്റ് ബഹുമതി സഞ്ജുവിന്റെ നേട്ടങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.*

ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയര്‍ത്തിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയാണ് ന്യൂസിലഡിനെ തകര്‍ത്തത്. 26 പന്തില്‍ 52 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

മിച്ചല്‍ സാന്റ്‌നര്‍ (35 പന്തില്‍ 43), ഡാരില്‍ മിച്ചല്‍ (17) എന്നിവര്‍ മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. പവര്‍ പ്ലേയില്‍ തന്നെ ന്യൂസിലന്‍ഡിന് ഫിന്‍ അലന്‍ (9), രചിന്‍ രവീന്ദ്ര (1), ഗ്ലെന്‍ ഫിലിപ്‌സ് (5) എന്നിവരുടെ വിക്കറ്റ് നഷ്ടമായിരുന്നു.

കൂടെ മാര്‍ക് ചാപ്മാന്‍ (3), സീഫെര്‍ട്ട് എന്നിവര്‍ കൂടി മടങ്ങിയതോടെ അഞ്ചിന് 72 എന്ന നിലയിലായി ന്യൂസിലന്‍ഡ്. മിച്ചല്‍ - സാന്റ്‌നര്‍ സഖ്യം അല്‍പനേരം പിടിച്ചുനിന്നെങ്കിലും ബുമ്രയുടെ വരവില്‍ ന്യൂസിലന്‍ഡ് കീഴടങ്ങി. ജയിംസ് നീഷം (8), മാറ്റ് ഹെന്റി (0), ജേക്കബ് ഡഫി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ (6) പുറത്താവാതെ നിന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346479/chief-ministers-of-kerala-and-tamil-nadu-have-praised-and-congratulated-the-indian-teams-world-cup-performance-and-sanju)