---
title: "പശ്ചിമേഷ്യൻ യുദ്ധം: 'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ"
english_title: "'Pinarai's politics of appeasement, Rahul's is drama'; Rajeev Chandrasekhar sharply criticizes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346415/pinarais-politics-of-appeasement-rahuls-is-drama-rajeev-chandrasekhar-sharply-criticizes"
published_at: "2026-03-08T14:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad346a0630a_Rajeev_Chandrasekhar_sharply_criticizes.jpg"
keywords: []
---

# പശ്ചിമേഷ്യൻ യുദ്ധം: 'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

> **Lead Summary:** തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ ഇറാൻ അനുകൂല നിലപാട് വെറും പ്രീണന രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ ഇറാൻ അനുകൂല നിലപാട് വെറും പ്രീണന രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുന്ന ജിസിസി രാഷ്ട്രങ്ങളെ ഇറാൻ ആക്രമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല. യുദ്ധം പാടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. ഭാരതം ഇറാനെ തള്ളുന്നില്ലെന്നും ഇറാൻ കപ്പലിന് പോലും സംരക്ഷണം നൽകിയത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രീണനത്തിന് വേണ്ടി മാത്രം ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തിരുവനന്തപുരത്ത് രാഹുൽഗാന്ധി രാഷ്ട്രീയ നാടകം നടത്തിയെന്നും അദ്ദേഹം വിമർശിച്ചു. ഇന്ധിരാഗാന്ധി ഗ്യാരൻ്റി പ്രഖ്യാപനത്തിൽ ചർച്ച നടക്കണം. കോൺഗ്രസിൻ്റെ പൊള്ളയായ വാഗ്ദാന രാഷ്ട്രീയം പുറത്തുവരണം. തെലങ്കാന സർക്കാർ തകർന്നു നിൽക്കുകയാണ്. ഹിമാചൽ പ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കിട്ടാത്ത സ്ഥിതിയാണ്. കർണാടകയിൽ വികസനത്തിന് പണമില്ലെന്ന് ഉപമുഖ്യമന്ത്രി തന്നെ പറയുന്നു. വ്യാജ വാഗ്ദാനം നൽകി ഏത് ലെവൽ വരെയും കോൺഗ്രസ് പോകും. ജനങ്ങൾക്ക് വേണ്ടിയല്ല അഴിമതിക്ക് വേണ്ടിയാണ് പ്രഖ്യാപനം. കർഷകർക്ക് വായ്പ ഇളവ് നൽകിയതിൽ പോലും യുപിഎ സർക്കാർ തട്ടിപ്പ് നടത്തിയെന്ന് സിഎജി കണ്ടെത്തിയതാണ്. സൗജന്യ കെഎസ്ആർടിസി യാത്ര വാഗ്ദാനവും വൻ തട്ടിപ്പാണ്. കെഎസ്ആർടിസിയിൽ ഇപ്പോഴും ശമ്പളവും പെൻഷനും കിട്ടുന്നില്ല. പിന്നെ എങ്ങനെ സൗജന്യയാത്ര നൽകാനാവും?

സംസ്ഥാനത്ത് കോൺഗ്രസ് - സിപിഎം ധാരണ എല്ലാവർക്കും അറിയാവുന്നതാണ്. ജനങ്ങൾ അവരെ സ്വീകരിക്കില്ല. തിരുവനന്തപുരം കോർപറേഷനിലെ മാലിന്യ പ്രശ്നം വിശ്വസിക്കാൻ തക്ക പൊട്ടന്മാരല്ല ജനങ്ങൾ. ഞാനും ഈ നഗരം സന്ദർശിച്ചതാണ്. കൃത്യമായി മാലിന്യം നീക്കം ചെയ്തു. മന്ത്രി ശിവൻകുട്ടി കൂടി പങ്കെടുത്ത യോഗത്തിലാണ് മാലിന്യം പല സ്ഥലങ്ങളിലും നിക്ഷേപിക്കാൻ തീരുമാനിച്ചത്. 10 വർഷമായി ഭരിക്കുന്ന ഒന്നും ചെയ്യാത്ത സർക്കാരിൻ്റെ ഭാഗമായ സിപിഎം എംഎൽഎമാരാണ് ഒന്നര മാസം മാത്രമായ ബിജെപി നഗരസഭയെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346415/pinarais-politics-of-appeasement-rahuls-is-drama-rajeev-chandrasekhar-sharply-criticizes)