---
title: "ചൂടിൽ ആശ്വാസം തേടി ബിയർ വാങ്ങി; കുപ്പിക്കുള്ളിൽ നീന്തിത്തുടിക്കുന്ന മീൻകുഞ്ഞ്!"
english_title: "Bought beer to relieve the heat; Baby fish swims inside the bottle!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346358/bought-beer-to-relieve-the-heat-baby-fish-swims-inside-the-bottle"
published_at: "2026-03-08T09:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69acf81945557_Baby_fish_swims_inside_the_bottle.jpg"
keywords: []
---

# ചൂടിൽ ആശ്വാസം തേടി ബിയർ വാങ്ങി; കുപ്പിക്കുള്ളിൽ നീന്തിത്തുടിക്കുന്ന മീൻകുഞ്ഞ്!

> **Lead Summary:** ഹൈദരബാദ്: കഠിനമായ ചൂടിൽ നിന്ന് അല്പം ആശ്വാസം തേടി ബിയർ വാങ്ങിയ മധ്യവയസ്കന് ലഭിച്ചത് അവിശ്വസനീയമായ കാഴ്ച. ഹൈദരാബാദിലെ മല്ലാപ്പൂർ മേഖലയിൽ വിൽപനയ്ക്കുണ്ടായിരുന്ന, സീൽ ചെയ്ത ബിയർ കുപ്പിക്കുള്ളിലാണ് ജീവനുള്ള മീൻകുഞ്ഞിനെ കണ്ടെത്തിയത്.

## Article Content

ഹൈദരബാദ്: കഠിനമായ ചൂടിൽ നിന്ന് അല്പം ആശ്വാസം തേടി ബിയർ വാങ്ങിയ മധ്യവയസ്കന് ലഭിച്ചത് അവിശ്വസനീയമായ കാഴ്ച. ഹൈദരാബാദിലെ മല്ലാപ്പൂർ മേഖലയിൽ വിൽപനയ്ക്കുണ്ടായിരുന്ന, സീൽ ചെയ്ത ബിയർ കുപ്പിക്കുള്ളിലാണ് ജീവനുള്ള മീൻകുഞ്ഞിനെ കണ്ടെത്തിയത്.

നാച്ചാരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു മദ്യഷാപ്പിൽ നിന്നാണ് മധ്യവയസ്കൻ ബിയർ വാങ്ങിയത്. കുപ്പി തുറക്കുന്നതിന് മുൻപ് തന്നെ ഉള്ളിൽ എന്തോ ചലിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് സീൽ ചെയ്ത കുപ്പിക്കുള്ളിലെ ബിയറിൽ ഒരു മീൻകുഞ്ഞ് സുഖമായി നീന്തിത്തുടിക്കുന്നത് കണ്ടത്.

ഒട്ടും വൈകാതെ തന്നെ ബിയ‍ർ കുപ്പിയുമായി വാങ്ങിയ കടയിലെത്തിയ ഇയാൾ ജീവനക്കാരോട് വിവരം പറഞ്ഞു. എന്നാൽ ബിയ‍ർ മദ്യഷാപ്പിൽ അല്ല നി‍ർമ്മിക്കുന്നതെന്നും കമ്പനി അയച്ച് തരുന്നത് വിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരിച്ചത്. ഇതിന് പിന്നാലെ ബിയ‍ർ വാങ്ങിയ ആളും വിറ്റ ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സീൽ ചെയ്ത കുപ്പിക്കുള്ളിൽ എങ്ങനെ മീൻ കുഞ്ഞ് എത്തി എന്നതിനെക്കുറിച്ച് ഇപ്പോൾ വലിയ ചർച്ചകളാണ് നടക്കുന്നത്. ഫാക്ടറിയിൽ കുപ്പികൾ വൃത്തിയാക്കുമ്പോഴോ നിറയ്ക്കുമ്പോഴോ ഉണ്ടായ പിഴവാകാം ഇതെന്നാണ് ചിലർ വിലയിരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346358/bought-beer-to-relieve-the-heat-baby-fish-swims-inside-the-bottle)