---
title: "'തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയനാകേണ്ട ആളായിരുന്നു പി കെ ശശി,  വര്‍ഗ വഞ്ചകര്‍ക്ക് പറ്റിയ പാര്‍ട്ടിയല്ല സിപിഐഎം' - പി എസ് സഞ്ജീവ് "
english_title: "PSSanjeev calls PKSasi a class traitor."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346329/pssanjeev-calls-pksasi-a-class-traitor"
published_at: "2026-03-07T21:20:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac49ea9e924_sasi.jpg"
keywords: []
---

# 'തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയനാകേണ്ട ആളായിരുന്നു പി കെ ശശി,  വര്‍ഗ വഞ്ചകര്‍ക്ക് പറ്റിയ പാര്‍ട്ടിയല്ല സിപിഐഎം' - പി എസ് സഞ്ജീവ് 

> **Lead Summary:** **പാലക്കാട്: **പി കെ ശശി വര്‍ഗ വഞ്ചകനാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പി കെ ശശിയെ പോലെയുള്ള വര്‍ഗ വഞ്ചകര്‍ക്ക് പറ്റിയ പാര്‍ട്ടിയല്ല സിപിഐഎമ്മെന്ന് പി എസ് സഞ്ജീവ് പറഞ്ഞു.

## Article Content

**പാലക്കാട്: **പി കെ ശശി വര്‍ഗ വഞ്ചകനാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പി കെ ശശിയെ പോലെയുള്ള വര്‍ഗ വഞ്ചകര്‍ക്ക് പറ്റിയ പാര്‍ട്ടിയല്ല സിപിഐഎമ്മെന്ന് പി എസ് സഞ്ജീവ് പറഞ്ഞു.

തിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയനാകേണ്ട ആളായിരുന്നു പി കെ ശശിയെന്നും അതിനുള്ള കഴിവില്ലെന്ന് അദ്ദേഹം തെളിയിച്ചുവെന്നും സഞ്ജീവ് പ്രതികരിച്ചു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പി എസ് സഞ്ജീവിന്‍റെ പ്രതികരണം.

തങ്ങള്‍ക്കുണ്ടാകുന്ന തെറ്റുകള്‍ തിരുത്തി തിരികെ വരാന്‍ പാര്‍ട്ടി എല്ലാവര്‍ക്കും അവസരം നല്‍കാറുണ്ട്. എന്നാല്‍ തിരികെ വരാനുള്ള കഴിവ് അദ്ദേഹത്തിനില്ല. പി കെ ശശി വലതുപക്ഷത്തിന്റെ ജീര്‍ണതകളിലും ചെളിക്കുഴിയിലും വീണുപോയി.

ഈ കൊടിക്ക് മുകളിലായി എന്തെങ്കിലും സ്വാധീനമുണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. പാര്‍ട്ടിയില്‍ നിന്നതിനാല്‍ മാത്രമാണ് ജനങ്ങള്‍ നല്‍കുന്ന പിന്തുണ ലഭിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പി കെ ശശി പുറത്താകുന്നതോടെ ആ പിന്തുണയും ഇല്ലാതാകും. അദ്ദേഹത്തെ പോലുള്ള വര്‍ഗവഞ്ചകന്മാര്‍ക്കോ സ്ഥാനമോഹികള്‍ക്കോ ദുരാഗ്രഹികള്‍ക്കോ ഉള്ള പാര്‍ട്ടിയല്ല ഇതെന്നും പി എസ് സഞ്ജീവ് പറഞ്ഞു.

ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് മാറുമ്പോള്‍ എന്തെങ്കിലുമൊക്കെ പറയുന്നത് സ്വാഭാവികമാണല്ലോ. അങ്ങനെ പറഞ്ഞാല്‍ മാത്രമേ മാധ്യമ ശ്രദ്ധ നേടാനാവുകയുള്ളൂ. ഇത്രയും കാലം നല്ലവരെന്ന് പറഞ്ഞവരെ തന്നെയാണ് അദ്ദേഹമിപ്പോള്‍ ഭൂലോകം കണ്ട ഏറ്റവും മോശക്കാരായി ചിത്രീകരിക്കുന്നത്. അതിലൂടെ തന്നെ അദ്ദേഹത്തിന്റെ കപടമുഖം വെളിപ്പെടുകയാണ്. പി കെ ശശി പോയത് പാര്‍ട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും സഞ്ജീവ് പ്രതികരിച്ചു.

പി കെ ശശിക്കെതിരായ കാര്യങ്ങള്‍ അദ്ദേഹത്തെ പുറത്താക്കുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ എങ്ങനെയാണ് പരിഗണിച്ചിരുന്നത് എന്ന് പാര്‍ട്ടിക്കകത്തെ ആളുകള്‍ക്ക് അറിയാം. പി കെ ശശിക്കെതിരായ എല്ലാ കാര്യങ്ങളും ഒരു വിമര്‍ശനം എന്ന രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

പക്ഷെ അത് വ്യക്തിപരമായ കാര്യമല്ല, തിരുത്താന്‍ വേണ്ടിയാണ്. അത് തിരുത്താന്‍ അദ്ദേഹത്തിന് കരുത്തില്ല. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും തിരുത്താന്‍ കഴിവില്ലാത്ത ആളാണ് പി കെ ശശി എന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും പി എസ് സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346329/pssanjeev-calls-pksasi-a-class-traitor)