---
title: "ആള് കൊള്ളാലോ...? കൈവശം രണ്ട് ബാഗുകൾ; പെരുമാറ്റത്തില്‍ സംശയം തോന്നി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ കഞ്ചാവ്, 45-കാരി പിടിയിൽ"
english_title: "A woman from Odisha who arrived with ganja in a private bus was arrested in Kunnamkulam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346327/a-woman-from-odisha-who-arrived-with-ganja-in-a-private-bus-was-arrested-in-kunnamkulam"
published_at: "2026-03-07T21:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac4551b90d6_arrest.jpg"
keywords: []
---

# ആള് കൊള്ളാലോ...? കൈവശം രണ്ട് ബാഗുകൾ; പെരുമാറ്റത്തില്‍ സംശയം തോന്നി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ കഞ്ചാവ്, 45-കാരി പിടിയിൽ

> **Lead Summary:** **തൃശൂര്‍: ( **[www.truevisionnews.com]** )** സ്വകാര്യ ബസില്‍ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശിനി കുന്നംകുളത്ത് പിടിയില്‍. ഒഡീഷയില്‍ നിന്ന് കഞ്ചാവുമായെത്തിയ രേണു ബഹറ യാണ് കുന്നംകുളം പൊലീസിന്റെയും തൃശൂര്‍ ഡാന്‍സാഫ് ടീമിന്റെയും പിടിയിലായത്.

## Article Content

**തൃശൂര്‍: ( **[www.truevisionnews.com]** )** സ്വകാര്യ ബസില്‍ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശിനി കുന്നംകുളത്ത് പിടിയില്‍. ഒഡീഷയില്‍ നിന്ന് കഞ്ചാവുമായെത്തിയ രേണു ബഹറ യാണ് കുന്നംകുളം പൊലീസിന്റെയും തൃശൂര്‍ ഡാന്‍സാഫ് ടീമിന്റെയും പിടിയിലായത്.

ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളില്‍ നിന്നായി ഏകദേശം നാലു കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ശനി ഉച്ചയ്ക്ക് രണ്ടിന് കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു അറസ്റ്റ്. ഒഡീഷയില്‍ നിന്ന് തീവണ്ടി മാര്‍ഗം തൃശൂരില്‍ ഇറങ്ങിയ യുവതി അവിടെ നിന്നുമാണ് സ്വകാര്യ ബസില്‍ കയറിയത്.

യുവതിയെ ഷാഡോ പോലീസ് പിന്തുടര്‍ന്നിരുന്നു. കുന്നംകുളം സ്റ്റാന്റില്‍ വന്നിറങ്ങിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഡാന്‍സാഫ് എസ്ഐ വിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

പ്രതി വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരൂരില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഒഡീഷയില്‍ നിന്നും സ്ഥിരമായി കഞ്ചാവ് എത്തിച്ച് കുന്നംകുളം, വടക്കേക്കാട് മേഖലകളില്‍ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് പോലീസ് നല്‍കുന്ന സൂചന.

അന്തര്‍സംസ്ഥാന ലഹരി കടത്ത് സംഘങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഡാന്‍സാഫ് സംഘം ഇവരെ നിരീക്ഷിച്ചു വന്നത്. പിടികൂടിയ കഞ്ചാവും പ്രതിയെയും കുന്നംകുളം പോലീസിന് കൈമാറി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും ലഹരിമരുന്ന് എത്തിക്കുന്നതിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346327/a-woman-from-odisha-who-arrived-with-ganja-in-a-private-bus-was-arrested-in-kunnamkulam)