---
title: "സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, കോളേജ് വിദ്യാർഥിനികൾക്ക്  പ്രതിമാസം 1000, ക്ഷേമ പെൻഷൻ 3000; കേരളത്തിൽ 'അഞ്ചിന ഗ്യാരണ്ടി' പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി"
english_title: "Congress leader Rahul Gandhi makes popular announcements in Kerala targeting assembly elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346304/congress-leader-rahul-gandhi-makes-popular-announcements-in-kerala-targeting-assembly-elections"
published_at: "2026-03-07T18:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac23fe6c6c4_rahul1.jpg"
keywords: []
---

# സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, കോളേജ് വിദ്യാർഥിനികൾക്ക്  പ്രതിമാസം 1000, ക്ഷേമ പെൻഷൻ 3000; കേരളത്തിൽ 'അഞ്ചിന ഗ്യാരണ്ടി' പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണായടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണായടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്.

കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായമാണ് രാഹുലിന്‍റെ രണ്ടാം ഗ്യാരണ്ടി. പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കൽ എന്നതാണ് മൂന്നാമത്തെ ഗ്യാരണ്ടി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി കേരളത്തിൽ നടപ്പിലാക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. യുവജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്നതാണ് രാഹുൽ പ്രഖ്യാപിച്ച അഞ്ചാമത്തെ ഗ്യാരണ്ടി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ആവേശം പകരുന്നതാണ് ഈ പ്രഖ്യാപനങ്ങൾ.

അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു എന്ന് അദ്ദേഹം വിമർശിച്ചു. പിണറായിക്ക് എതിരെ എന്തുകൊണ്ട് ഇ‍‍ഡി അനങ്ങുന്നില്ല? തന്നെ ചോദ്യം ചെയ്തത് മണിക്കൂറുകളാണ്. കേരളത്തിൽ സിജെപിയാണുള്ളത്. സിപിഎം- ബിജെപി കൂട്ടുകെട്ടാണ്.

സിപിഎമ്മും ബിജെപിയും യുഡിഎഫിനെ തോൽപ്പിക്കാൻ കൈ കോർക്കുന്നു. എന്ത് കമ്യൂണിസ്റ്റ് സ്വഭാവമാണ് സർക്കാരിനുള്ളത്? തൊഴിലാളി താൽപ്പര്യം ഈ സർക്കാർ സംരക്ഷിക്കുന്നില്ല. സർക്കാരിന് കോർപറേറ്റ് സ്വഭാവമാണുള്ളതെന്നും കോർപറേറ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് പേരു മാറ്റണമെന്നും അദ്ദേഹം സമാപന സമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346304/congress-leader-rahul-gandhi-makes-popular-announcements-in-kerala-targeting-assembly-elections)