---
title: "'അവൻ ക്രീസിൽ നിന്നിരുന്നെങ്കിൽ 150 അടിച്ചേനെ'; സഞ്ജുവിന്റെ സ്വാർത്ഥതയില്ലാത്ത ബാറ്റിംഗിനെ പുകഴ്ത്തി ലക്ഷ്മിപതി ബാലാജി"
english_title: "Lakshmipathy Balaji praises Sanju's selfless batting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346288/lakshmipathy-balaji-praises-sanjus-selfless-batting"
published_at: "2026-03-07T16:35:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac06948abaa_23.jpg"
keywords: []
---

# 'അവൻ ക്രീസിൽ നിന്നിരുന്നെങ്കിൽ 150 അടിച്ചേനെ'; സഞ്ജുവിന്റെ സ്വാർത്ഥതയില്ലാത്ത ബാറ്റിംഗിനെ പുകഴ്ത്തി ലക്ഷ്മിപതി ബാലാജി

> **Lead Summary:** **മുംബൈ: [ **2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ് സെമി ഫൈനലിൽ സഞ്ജു സാംസൺ കാഴ്ചവെച്ച തകർപ്പൻ പ്രകടനം.

## Article Content

**മുംബൈ: [ **2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ് സെമി ഫൈനലിൽ സഞ്ജു സാംസൺ കാഴ്ചവെച്ച തകർപ്പൻ പ്രകടനം.

ഇംഗ്ലണ്ടിനെതിരായ നിർണ്ണായക മത്സരത്തിൽ സഞ്ജു നടത്തിയ വെടിക്കെട്ട് ബാറ്റിംഗിനെ വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ലക്ഷ്മിപതി ബാലാജി രംഗത്തെത്തി. മുൻ താരം എസ്. ബദരീനാഥിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ്, സഞ്ജുവിന്റെ പ്രകടനം കേവലം റൺവേട്ടയല്ലെന്നും മറിച്ച് ടീമിനോടുള്ള കടുത്ത പ്രതിബദ്ധതയാണെന്നും ബാലാജി വ്യക്തമാക്കിയത്.

വെറും 42 പന്തിൽ നിന്ന് 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജു, വ്യക്തിഗത നേട്ടത്തേക്കാൾ ടീം സ്കോറിനാണ് മുൻഗണന നൽകിയതെന്ന് ബാലാജി നിരീക്ഷിച്ചു. 14-ാം ഓവറിൽ പുറത്തായില്ലായിരുന്നുവെങ്കിൽ വാംഖഡെയിലെ ബാറ്റിംഗ് അനുകൂല സാഹചര്യത്തിൽ സഞ്ജു 150 റൺസ് വരെ നേടുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയിട്ടും അനായാസം സിംഗിളുകൾ എടുത്ത് നേട്ടം കൈവരിക്കുന്നതിന് പകരം ടീമിനായി വലിയ ഷോട്ടിന് മുതിർന്ന് പുറത്തായ സഞ്ജുവിന്റെ ശൈലി സ്വാർത്ഥതയില്ലാത്ത ക്രിക്കറ്റിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ്മ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ സഞ്ജു പ്രകടിപ്പിക്കുന്ന ഈ പക്വത താഴെയുള്ള ബാറ്റർമാർക്ക് കരുത്തുനൽകുന്നുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസും ഇംഗ്ലണ്ടിനെതിരായ ഇന്നിംഗ്‌സും സഞ്ജുവിനെ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരത്തിന് അർഹനാക്കി.

സഞ്ജുവിനൊപ്പം ഇഷാൻ കിഷനും ശിവം ദുബെയും നൽകിയ പിന്തുണയാണ് ഇന്ത്യയെ 253 എന്ന കൂറ്റൻ സ്കോറിലേക്ക് എത്തിച്ചതെന്ന് എസ്. ബദരീനാഥും ചർച്ചയിൽ പങ്കുവെച്ചു. സഞ്ജുവിന്റെ ഈ മിന്നും ഫോം ഫൈനലിലും ഇന്ത്യക്ക് മുതൽക്കൂട്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346288/lakshmipathy-balaji-praises-sanjus-selfless-batting)