---
title: "പെൺകരുത്തിന്റെ ആകാശങ്ങൾ; പോരാട്ടങ്ങൾ തോൽക്കാത്ത ലോകം, ലോകമെമ്പാടുമുള്ള സ്ത്രീകൾക്കായി സമർപ്പിക്കപ്പെട്ട ഈ ദിനം"
english_title: " international womens day march 8 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346206/international-womens-day-march-8-2026"
published_at: "2026-03-07T12:58:00+05:30"
category: "Talks & Topics"
language: "ml"
image: "https://truevisionnews.com/image-uploads/69abd48928410_womens_day.jpg"
keywords: []
---

# പെൺകരുത്തിന്റെ ആകാശങ്ങൾ; പോരാട്ടങ്ങൾ തോൽക്കാത്ത ലോകം, ലോകമെമ്പാടുമുള്ള സ്ത്രീകൾക്കായി സമർപ്പിക്കപ്പെട്ട ഈ ദിനം

> **Lead Summary:** **( **[www.truevisionnews.com]** )** പോരാട്ടങ്ങൾ തോൽക്കാത്ത ലോകത്ത് വീണ്ടും ഒരു മാർച്ച് 8 കൂടി സമാഗതമായിരിക്കുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകൾക്കായി സമർപ്പിക്കപ്പെട്ട ഈ ദിനം കേവലമൊരു ആഘോഷമല്ല, മറിച്ച് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ധീരവനിതകളുടെ ചോരയും കണ്ണീരും കലർന്ന പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ്.*

## Article Content

**( **[www.truevisionnews.com]** )** പോരാട്ടങ്ങൾ തോൽക്കാത്ത ലോകത്ത് വീണ്ടും ഒരു മാർച്ച് 8 കൂടി സമാഗതമായിരിക്കുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകൾക്കായി സമർപ്പിക്കപ്പെട്ട ഈ ദിനം കേവലമൊരു ആഘോഷമല്ല, മറിച്ച് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ധീരവനിതകളുടെ ചോരയും കണ്ണീരും കലർന്ന പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ്.*

അടുക്കളമുറ്റത്തുനിന്ന് ബഹിരാകാശ നിലയങ്ങൾ വരെ പടർന്നുപന്തലിച്ച പെൺകരുത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, നാം പിന്നിട്ട ദൂരത്തേക്കാൾ മുന്നേറാനുള്ള ദൂരത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അതിരുകളില്ലാതെ സ്വപ്നം കാണാനും മാറ്റത്തിന്റെ കാഹളം മുഴക്കാനും ഈ ദിനം നമുക്ക് നിമിത്തമാകണം. സ്ത്രീത്വത്തെ നിർവചിക്കുന്നത് വസ്ത്രധാരണമോ രൂപമോ അല്ല, മറിച്ച് അവളിലെ ധീരതയും ബുദ്ധിയുമാണ്.

സാമ്പത്തികമായ അധികാരമാണ് സ്ത്രീശാക്തീകരണത്തിന്റെ കാതൽ എന്ന് ഓരോ വനിതാ ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നു. അവൾ കേവലമൊരു വ്യക്തിയല്ല; സ്നേഹത്തിന്റെയും ക്ഷമയുടെയും അതിജീവനത്തിന്റെയും ഉജ്ജ്വല പ്രതീകമാണ്.

**ചരിത്രവഴികളിലെ പോരാട്ടം**

സ്ത്രീകൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം പെട്ടെന്നുണ്ടായതല്ല. 1900-കളിൽ നടന്ന വലിയ പ്രക്ഷോഭങ്ങളുടെ ഫലമാണത്. 1908-ൽ ന്യൂയോർക്കിലെ തെരുവുകളിൽ മെച്ചപ്പെട്ട ശമ്പളത്തിനും വോട്ടവകാശത്തിനുമായി 15,000 സ്ത്രീകൾ നടത്തിയ ഐതിഹാസിക സമരം വിമോചനത്തിന്റെ വിത്തുപാകി.

> 1910-ൽ സോഷ്യലിസ്റ്റ് നേതാവായ ക്ലാര സെറ്റ്കിനാണ് വനിതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. പിന്നീട് 1975-ൽ ഐക്യരാഷ്ട്രസഭ മാർച്ച് 8 ലോക വനിതാ ദിനമായി ഔദ്യോഗികമായി അംഗീകരിച്ചു. 2026-ലെ വനിതാ ദിനം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട് "അവകാശങ്ങൾ, നീതി, നടപടി - എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി" എന്നതാണ്. നിയമപരമായ തുല്യത ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

**കണക്കുകൾ പറയുന്ന യാഥാർത്ഥ്യം**

ആഘോഷങ്ങൾക്കിടയിലും ലോകത്തെ സ്ത്രീകളുടെ അവസ്ഥ പരിശോധിച്ചാൽ ചിത്രം അത്ര ശുഭകരമല്ല. പുരുഷന്മാർക്ക് ലഭിക്കുന്ന വേതനത്തിന്റെ 77% മാത്രമാണ് ഇന്നും സ്ത്രീകൾക്ക് ലഭിക്കുന്നത്. ലോകത്ത് സാക്ഷരതയില്ലാത്ത മുതിർന്നവരിൽ മൂന്നിൽ രണ്ടും സ്ത്രീകളാണ്. പാർലമെന്റുകളിലെ സ്ത്രീ പങ്കാളിത്തം കേവലം 26.5 ശതമാനത്തിലും ഭരണത്തലവന്മാരുടെ എണ്ണം 12 ശതമാനത്തിലും ഒതുങ്ങുന്നു. ഇന്ത്യൻ പാർലമെന്റിലെ സ്ത്രീ പ്രാതിനിധ്യമാകട്ടെ വെറും 15 ശതമാനം മാത്രമാണ്.

കേരളത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. 1957-ലെ ആദ്യ ഇ.എം.എസ് മന്ത്രിസഭയിൽ കെ.ആർ. ഗൗരിയമ്മ മന്ത്രിയായിരുന്നെങ്കിലും, നാളിതുവരെ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രിയോ സ്പീക്കറോ ഉണ്ടായിട്ടില്ല. 52 ശതമാനം സ്ത്രീ ജനസംഖ്യയുള്ള കേരളത്തിൽ നിലവിലെ 15-ാം നിയമസഭയിൽ ആകെയുള്ളത് 11 വനിതാ പ്രതിനിധികൾ മാത്രമാണ് (8%). അക്ഷരമുറ്റങ്ങളിലും തൊഴിലിടങ്ങളിലും വിപ്ലവം സൃഷ്ടിക്കുമ്പോഴും നിയമനിർമ്മാണ സഭകളിൽ സ്ത്രീ പ്രാതിനിധ്യം കുറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

**മാറ്റത്തിന്റെ വഴികാട്ടികൾ**

സ്വയം തിരിച്ചറിയുകയും തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാവുകയും ചെയ്താൽ ലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കാൻ സ്ത്രീകൾക്ക് സാധിക്കും. നോബൽ ജേതാക്കളായ മേരി ക്യൂറിയെയും മലാല യൂസഫ്സായിയെയും പോലെ, കാരുണ്യത്തിന്റെ പ്രതീകമായ മദർ തെരേസയെയും മനുഷ്യാവകാശ പോരാളി റോസ പാർക്സിനെയും പോലെ നമുക്ക് മുന്നേറണം. ഫ്ലോറൻസ് നൈറ്റിംഗേൾ, ഇന്ദിരാഗാന്ധി, കൽപ്പന ചൗള, സുനിത വില്യംസ് എന്നിവരുടെ ജീവിതം ഓരോ പെൺകുട്ടിക്കും പ്രചോദനമാകണം.

**സമ്പൂർണ്ണ ശാക്തീകരണത്തിലേക്ക്**

സമ്പത്തിൽ അധികാരം ലഭിക്കുമ്പോൾ മാത്രമേ ശാക്തീകരണം പൂർണ്ണമാകൂ. ഒരു സ്ത്രീക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ ഒരു തലമുറയ്ക്കാണ് നാം അറിവ് പകരുന്നത്. തടസ്സങ്ങളെ ചവിട്ടുപടികളാക്കി മാറ്റാൻ ഓരോ സ്ത്രീയും തയ്യാറാകണം. ഉന്നത വിദ്യാഭ്യാസം നേടിയവരിലെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടേണ്ടതുണ്ട്. കേരളത്തിൽ നിശബ്ദ വിപ്ലവം സൃഷ്ടിച്ച കുടുംബശ്രീ പ്രസ്ഥാനത്തിന് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ ഇനിയും വലിയ ഇടപെടലുകൾ നടത്താൻ കഴിയും.

വീടിനുള്ളിലെ അദൃശ്യമായ അധ്വാനങ്ങളിൽ (Unpaid Care Work) നിന്ന് വിമുക്തരായി, സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ ഈ വനിതാ ദിനത്തിൽ നമുക്ക് പ്രതിജ്ഞ എടുക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346206/international-womens-day-march-8-2026)