---
title: "വായിൽ പ്ലാസ്റ്റർ, കൈകാലുകൾ തുണികൊണ്ട് കെട്ടിയിട്ട നിലയിൽ; കോയമ്പത്തൂർ ആര്യവൈദ്യശാല സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ"
english_title: "Coimbatore Arya Vaidyasala founder's daughter found murdered at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346201/coimbatore-arya-vaidyasala-founders-daughter-found-murdered-at-home-new"
published_at: "2026-03-07T12:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abd0d883fc2_crime.jpg"
keywords: []
---

# വായിൽ പ്ലാസ്റ്റർ, കൈകാലുകൾ തുണികൊണ്ട് കെട്ടിയിട്ട നിലയിൽ; കോയമ്പത്തൂർ ആര്യവൈദ്യശാല സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

> **Lead Summary:** **കോയമ്പത്തൂർ: **കോയമ്പത്തൂർ ആര്യവൈദ്യശാല സ്ഥാപകൻ പി.വി രാമവാരിയരുടെ മകളും മുൻ മാനേജിങ് ഡയറക്ടർ പി.ആർ കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.

## Article Content

**കോയമ്പത്തൂർ: **കോയമ്പത്തൂർ ആര്യവൈദ്യശാല സ്ഥാപകൻ പി.വി രാമവാരിയരുടെ മകളും മുൻ മാനേജിങ് ഡയറക്ടർ പി.ആർ കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.

വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് തുണികൊണ്ട് കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ ജോലിക്കാരി നേപ്പാൾ സ്വദേശി സുർജ റോക്കി (38)നെ സംഭവത്തിന് ശേഷം കാണാതായി. സുർജ അടക്കം നാലുപേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോയമ്പത്തൂർ രാമനാഥപുരം നഞ്ചുണ്ടപുരം റോഡ് പാർസൻ നെസ്‌ലെയിലെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഗോപാലൻകുട്ടി മരിച്ച ശേഷം കസ്തൂരിയും മകനും എവിപി ഡയറക്ടറുമായ ഡോ. രാംകുമാർകുട്ടിയുമാണ് ഇവിടെ താമസിച്ചിരുന്നത്.

സംഭവം നടക്കുമ്പോൾ രാംകുമാർകുട്ടി വിദേശത്തായിരുന്നു. കോയമ്പത്തൂർ സിങ്കാനല്ലൂരിൽ താമസിക്കുന്ന മകൾ സുജാത രാവിലെ പതിവുപോലെ കസ്തൂരിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അയൽവാസികളെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തി വീട് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346201/coimbatore-arya-vaidyasala-founders-daughter-found-murdered-at-home-new)