---
title: "അഹമ്മദാബാദിൽ തീപാറും പോരാട്ടം: കിവീസ് കടമ്പ കടന്ന് ലോകകിരീടം നിലനിർത്താൻ ഇന്ത്യ; നാളെ സഞ്ജുവും ബുംറയും പടക്കിറങ്ങുന്നു!"
english_title: "India to retain world title after overcoming Kiwi hurdle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346130/india-to-retain-world-title-after-overcoming-kiwi-hurdle"
published_at: "2026-03-07T09:37:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aba4b28c0a6_3.jpg"
keywords: []
---

# അഹമ്മദാബാദിൽ തീപാറും പോരാട്ടം: കിവീസ് കടമ്പ കടന്ന് ലോകകിരീടം നിലനിർത്താൻ ഇന്ത്യ; നാളെ സഞ്ജുവും ബുംറയും പടക്കിറങ്ങുന്നു!

> **Lead Summary:** **അഹമ്മദബാദ്:[ **അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ എത്തുമ്പോൾ, ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഒരു ക്ലാസിക് പോരാട്ടത്തിനാണ്.

## Article Content

**അഹമ്മദബാദ്:[ **അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ എത്തുമ്പോൾ, ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഒരു ക്ലാസിക് പോരാട്ടത്തിനാണ്.

ഐസിസി നോക്കൗട്ടുകളിൽ ഇന്ത്യയും കിവീസും തമ്മിലുള്ള പോരാട്ടങ്ങൾക്ക് വലിയ ചരിത്രമാണുള്ളത്. മുൻപ് ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ രോഹിത് ശർമ്മയുടെ അർധസെഞ്ച്വറി കരുത്തിൽ ഇന്ത്യ കിരീടം ചൂടിയതും, 2023 ഏകദിന ലോകകപ്പ് സെമിയിൽ മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനത്തിൽ ന്യൂസിലൻഡിനെ തകർത്തതും ഇന്ത്യൻ ആരാധകർക്ക് ആവേശം നൽകുന്ന ഓർമ്മകളാണ്.

എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും 2019 ലോകകപ്പ് സെമിയിലും കിവീസിന് മുന്നിൽ ഇന്ത്യ കാലിടറി വീണത് ആരാധകർക്ക് ഇന്നും നൊമ്പരമാണ്. ട്വന്റി-20 ലോകകപ്പിന്റെ ചരിത്രം പരിശോധിച്ചാൽ ഇന്ത്യയ്ക്ക് ന്യൂസിലൻഡ് ഒരു കീറാമുട്ടിയാണെന്ന് കാണാം.

ഇതുവരെ മൂന്ന് തവണ ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോഴും വിജയം കിവീസിനൊപ്പമായിരുന്നു. 2007, 2016, 2021 വർഷങ്ങളിൽ വഴങ്ങിയ ആ തോൽവികളുടെ കറ മായ്ക്കാനും കിവീസിനെതിരെ ആദ്യ ലോകകപ്പ് വിജയം നേടിക്കൊണ്ട് കിരീടം നിലനിർത്താനുമാണ് ഇന്ത്യ നാളെ അഹമ്മദാബാദിൽ ഇറങ്ങുന്നത്.

ഈ ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയോട് അഹമ്മദാബാദിൽ വഴങ്ങിയ ഏക തോൽവി മാറ്റിനിർത്തിയാൽ മികച്ച ഫോമിലാണ് ഇന്ത്യ. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റണ്ണിന് മറികടന്നാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്.

മറുവശത്ത് ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിന് തകർത്തെറിഞ്ഞാണ് ന്യൂസിലൻഡ് തങ്ങളുടെ കന്നി കിരീടം ലക്ഷ്യമിട്ടെത്തുന്നത്. മലയാളി താരം സഞ്ജു സാംസണും പേസ് മാന്ത്രികൻ ജസ്പ്രീത് ബുംറയുമാണ് ഇന്ത്യൻ നിരയിൽ നാളെ ഏവരും ഉറ്റുനോക്കുന്ന താരങ്ങൾ.

നാളെ വൈകിട്ട് ഏഴിന് മത്സരം തുടങ്ങാനിരിക്കെ ഇരു ടീമുകളും ഇന്ന് കഠിന പരിശീലനത്തിലാണ്. ഉച്ചയ്ക്ക് ശേഷം ന്യൂസിലൻഡും വൈകിട്ടോടെ ഇന്ത്യൻ ടീമും പരിശീലനത്തിന് ഇറങ്ങും. പരിശീലനത്തിന് ശേഷം ഇരു ടീമുകളുടെയും പ്രതിനിധികൾ മാധ്യമങ്ങളെ കാണുന്നതോടെ ഫൈനൽ ആവേശം അതിന്റെ കൊടുമുടിയിലെത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346130/india-to-retain-world-title-after-overcoming-kiwi-hurdle)