---
title: "ശുചീകരണത്തിൽ വീഴ്ച; തിരുവനന്തപുരത്ത് സിപിഎം-ബിജെപി പോര് രൂക്ഷം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി"
english_title: "CPM-BJP fight intensifies in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346126/cpm-bjp-fight-intensifies-in-thiruvananthapuram"
published_at: "2026-03-07T09:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aba1305e653_1.jpg"
keywords: []
---

# ശുചീകരണത്തിൽ വീഴ്ച; തിരുവനന്തപുരത്ത് സിപിഎം-ബിജെപി പോര് രൂക്ഷം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

> **Lead Summary:** **തിരുവനന്തപുരം: [ ** ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള നഗരശുചീകരണത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമല്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ച മന്ത്രി വി. ശിവൻകുട്ടിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ തർക്കം പുതിയ തലത്തിലേക്ക് കടന്നു.

## Article Content

**തിരുവനന്തപുരം: [ ** ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള നഗരശുചീകരണത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമല്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ച മന്ത്രി വി. ശിവൻകുട്ടിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ തർക്കം പുതിയ തലത്തിലേക്ക് കടന്നു.

കോർപ്പറേഷൻ ഭരണത്തിന് മുകളിലാണ് സർക്കാരെന്നും ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ സർക്കാരിന് പൂർണ്ണ അധികാരമുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ചു. പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഇടറോഡുകളിലും ക്ഷേത്ര പരിസരത്തും മാലിന്യം കുന്നുകൂടി കിടക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

മാലിന്യനീക്കം തടസ്സപ്പെട്ടതിൽ ഉദ്യോഗസ്ഥരുടെ ഒത്തുകളി സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. എന്നാൽ പൊങ്കാല കഴിഞ്ഞ രാത്രി തന്നെ നഗരം വൃത്തിയാക്കിയെന്ന കോർപ്പറേഷന്റെയും ബിജെപിയുടെയും അവകാശവാദം പൊള്ളയാണെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ സമരരംഗത്തിറങ്ങിയത്.

ശുചീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ ശ്രുതിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. മന്ത്രി സ്വന്തം വകുപ്പിലെ കാര്യങ്ങൾ നോക്കിയാൽ മതിയെന്ന ബിജെപി നേതാവ് വി.വി. രാജേഷിന്റെ പ്രസ്താവനയ്ക്കും മന്ത്രി മറുപടി നൽകി.

സർക്കാരിന് ഏതെല്ലാം കാര്യങ്ങളിൽ ഇടപെടണമെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും ഇതിനെ സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോർപ്പറേഷനെതിരെ ഉയരുന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ മാത്രമാണെന്നാണ് മേയറുടെ നിലപാട്. കുടിവെള്ളക്ഷാമം, പാർക്കിംഗ് ഫീ തുടങ്ങിയ വിവാദങ്ങൾക്ക് പിന്നാലെ നഗരത്തിലെ മാലിന്യപ്രശ്നം കൂടി രാഷ്ട്രീയ ആയുധമാകുന്നതോടെ തിരുവനന്തപുരത്ത് സിപിഎം-ബിജെപി പോര് കൂടുതൽ രൂക്ഷമാവുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346126/cpm-bjp-fight-intensifies-in-thiruvananthapuram)