---
title: "ബംഗാളിൽ വോട്ടർപട്ടിക തർക്കം; കേരളത്തിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയേക്കും"
english_title: "Voter list dispute in Bengal: Election announcement in Kerala may be delayed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346110/voter-list-dispute-in-bengal-election-announcement-in-kerala-may-be-delayed"
published_at: "2026-03-07T07:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ab8b1311441_6.jpg"
keywords: []
---

# ബംഗാളിൽ വോട്ടർപട്ടിക തർക്കം; കേരളത്തിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയേക്കും

> **Lead Summary:** പശ്ചിമ ബംഗാളിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തുടരുന്ന രാഷ്ട്രീയ തർക്കങ്ങൾ കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിച്ചേക്കുമെന്ന് സൂചന. ഏപ്രിൽ രണ്ടാം വാരത്തിന് മുൻപ് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പ് ഇതോടെ നീണ്ടുപോയേക്കും. ഏപ്രിൽ അവസാനവാരത്തിലോ മേയ് ആദ്യമോ വോട്ടെടുപ്പ് നടക്കാനാണ് നിലവിൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

## Article Content

പശ്ചിമ ബംഗാളിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തുടരുന്ന രാഷ്ട്രീയ തർക്കങ്ങൾ കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിച്ചേക്കുമെന്ന് സൂചന. ഏപ്രിൽ രണ്ടാം വാരത്തിന് മുൻപ് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പ് ഇതോടെ നീണ്ടുപോയേക്കും. ഏപ്രിൽ അവസാനവാരത്തിലോ മേയ് ആദ്യമോ വോട്ടെടുപ്പ് നടക്കാനാണ് നിലവിൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചകളും വിലയിരുത്തലുകളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ശനിയാഴ്ചയോടെ പൂർത്തിയാക്കും. എന്നാൽ ബംഗാളിലെ വോട്ടർപട്ടികയിൽ നിന്ന് 62 ലക്ഷത്തോളം പേർ പുറത്തായതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ നിലനിൽക്കുന്നതിനാൽ കമ്മിഷന്റെ അവിടുത്തെ സന്ദർശനം നിർണ്ണായകമാണ്.

അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. ബംഗാളിലെ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെട്ടാൽ മാത്രമേ മുൻ നിശ്ചയിച്ച പ്രകാരം നടപടികൾ മുന്നോട്ട് പോകൂ.

കേരളത്തിൽ മേയ് 20-നകം പുതിയ സർക്കാർ അധികാരമേൽക്കേണ്ടതുണ്ട്. അതിനാൽ മേയ് ആദ്യവാരം വോട്ടെടുപ്പ് നടന്നാലും ഭരണഘടനാപരമായ തടസ്സങ്ങളുണ്ടാകില്ല. 2021-ൽ ഏപ്രിൽ ആറിനായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇത്തവണ ഏപ്രിൽ ആദ്യവാരങ്ങളിൽ പെസഹാ വ്യാഴം, ദുഃഖവെള്ളി, വിഷു തുടങ്ങിയ അവധി ദിനങ്ങൾ വരുന്നതും തിരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം തെളിയുന്ന മുറയ്ക്ക് മാത്രമേ അന്തിമ വിജ്ഞാപനം പുറത്തിറങ്ങുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346110/voter-list-dispute-in-bengal-election-announcement-in-kerala-may-be-delayed)