---
title: "ഇറാൻ യുദ്ധക്കപ്പൽ കൊച്ചി തീരത്ത്; 183 ജീവനക്കാരെ നാവിക കേന്ദ്രത്തിലേക്ക് മാറ്റി"
english_title: "Iranian warship off Kochi coast; 183 crew members shifted to naval base"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346092/iranian-warship-off-kochi-coast-183-crew-members-shifted-to-naval-base"
published_at: "2026-03-06T21:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ab0095e47d4_18.jpg"
keywords: []
---

# ഇറാൻ യുദ്ധക്കപ്പൽ കൊച്ചി തീരത്ത്; 183 ജീവനക്കാരെ നാവിക കേന്ദ്രത്തിലേക്ക് മാറ്റി

> **Lead Summary:** സാങ്കേതിക തകരാറിനെത്തുടർന്ന് ഇറാന്റെ യുദ്ധക്കപ്പലായ 'ഐറിസ് ലവാൻ' കൊച്ചി തീരത്ത് അടുപ്പിച്ചു. കഴിഞ്ഞ മാസം 28-ന് കപ്പൽ തീരത്തടുപ്പിക്കാനുള്ള അനുമതി ഇറാൻ തേടിയിരുന്നു.

## Article Content

സാങ്കേതിക തകരാറിനെത്തുടർന്ന് ഇറാന്റെ യുദ്ധക്കപ്പലായ 'ഐറിസ് ലവാൻ' കൊച്ചി തീരത്ത് അടുപ്പിച്ചു. കഴിഞ്ഞ മാസം 28-ന് കപ്പൽ തീരത്തടുപ്പിക്കാനുള്ള അനുമതി ഇറാൻ തേടിയിരുന്നു.

തുടർന്ന് കേന്ദ്ര സർക്കാർ മാർച്ച് ഒന്നിന് ഇതിനുള്ള അനുമതി നൽകുകയായിരുന്നു. അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിന്റെ ഭാഗമായി ഈ മേഖലയിലുണ്ടായിരുന്ന കപ്പലിൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനാലാണ് നടപടി.

കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാരെയും കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ഐറിസ് ദേനയ്ക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം.

അതേസമയം, ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ രണ്ടാമത്തെ യുദ്ധക്കപ്പലായ 'ഐറിൻസ് ബുഷെർ' ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ സുരക്ഷിതമാണ്. ട്രിങ്കോമാലി തുറമുഖ പ്രദേശത്തേക്ക് മാറ്റിയ ഈ കപ്പലിലെ 208 ജീവനക്കാരെ കൊളംബോയിലേക്ക് മാറ്റിയിട്ടുണ്ട്. മുൻപ് അമേരിക്കൻ ആക്രമണത്തിനിരയായ ഐറിസ് ദേനയ്ക്ക് പ്രവേശനാനുമതി നൽകാൻ വൈകിയതിനെതിരെ ശ്രീലങ്കൻ പ്രതിപക്ഷം സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346092/iranian-warship-off-kochi-coast-183-crew-members-shifted-to-naval-base)