---
title: "'ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണം'; നിലപാട് കടുപ്പിച്ച് ട്രംപ്"
english_title: "'Iran must surrender unconditionally'; Trump toughens stance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346084/iran-must-surrender-unconditionally-trump-toughens-stance"
published_at: "2026-03-06T20:38:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aaee3d2c704_13.jpg"
keywords: []
---

# 'ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണം'; നിലപാട് കടുപ്പിച്ച് ട്രംപ്

> **Lead Summary:** ഇറാൻ ഭരണകൂടം നിരുപാധികം കീഴടങ്ങണമെന്ന കർശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉപാധികളില്ലാത്ത കീഴടങ്ങൽ അല്ലാതെ മറ്റൊരു ചർച്ചയ്ക്കോ കരാറിനോ താൻ തയ്യാറല്ലെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

## Article Content

ഇറാൻ ഭരണകൂടം നിരുപാധികം കീഴടങ്ങണമെന്ന കർശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉപാധികളില്ലാത്ത കീഴടങ്ങൽ അല്ലാതെ മറ്റൊരു ചർച്ചയ്ക്കോ കരാറിനോ താൻ തയ്യാറല്ലെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

തനിക്ക് വിശ്വാസമുള്ള ചില ഇറാനിയൻ നേതാക്കളുമായി സംസാരിച്ചതായും ഇറാന്റെ പുനരുദ്ധാരണത്തിനായി അമേരിക്കയും സഖ്യകക്ഷികളും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപാധികൾ അംഗീകരിച്ചാൽ 'മേക്ക് ഇറാൻ ഗ്രേറ്റ് എഗെയിൻ' (Make Iran Great Again) പദ്ധതി നടപ്പിലാക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷം ഏഴാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. ഇറാന് പിന്നാലെ അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന വിസ്മയിപ്പിക്കുന്ന വെളിപ്പെടുത്തലും ട്രംപ് നടത്തി. ഇതിന്റെ ഭാഗമായി റൗൾ കാസ്ട്രോയുടെ മകനുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗം ചർച്ചകൾ ആരംഭിച്ചതായാണ് സൂചനകൾ.

ഇന്ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ-അമേരിക്കൻ സഖ്യം അതിശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇറാന്റെ തിരിച്ചടിക്കാനുള്ള ശേഷി 90 ശതമാനത്തോളം തകർന്നതായി പെന്റഗൺ അവകാശപ്പെടുന്നു. എന്നാൽ, മിനാബിൽ 165 കുട്ടികളുടെ മരണത്തിനിടയാക്കിയ സ്കൂൾ ആക്രമണം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന നിഗമനത്തിലാണ് യുഎസ് സേനയിപ്പോൾ. ഐആർജിസി നാവിക താവളം ലക്ഷ്യമിട്ടുള്ള മിസൈൽ ദിശമാറി സ്കൂളിൽ പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346084/iran-must-surrender-unconditionally-trump-toughens-stance)