---
title: "ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം വി. ജോയിക്കായി തിരുത്തി; വര്‍ക്കലയില്‍ മത്സരിപ്പിക്കുന്നതിനെതിരെ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം"
english_title: " Joy s candidacy met with strong criticism in the Thiruvananthapuram District Committee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346058/joy-s-candidacy-met-with-strong-criticism-in-the-thiruvananthapuram-district-committee"
published_at: "2026-03-06T16:39:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aab64b4a991_v_joy.jpg"
keywords: []
---

# ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം വി. ജോയിക്കായി തിരുത്തി; വര്‍ക്കലയില്‍ മത്സരിപ്പിക്കുന്നതിനെതിരെ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയിയെ വര്‍ക്കലയില്‍ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷമായ വിമര്‍ശനം. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കുമെല്ലാം മത്സരിക്കാന്‍ ജില്ലാ സെക്രട്ടറി മാത്രമേയുള്ളൂ എന്ന സ്ഥിതി മറ്റു നേതാക്കള്‍ക്ക് അപമാനകരമാണെന്ന് ജില്ലാ കമ്മിറ്റി അംഗം കരമന ഹരി കുറ്റപ്പെടുത്തി. ഇതിനിടെ എ.എ. റഹീമിനെ ആക്ടിങ് ജില്ലാ സെക്രട്ടറിയാക്കിയതിനെ ചൊല്ലിയും മോശം പരാമര്‍ശം ഉണ്ടായി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയിയെ വര്‍ക്കലയില്‍ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷമായ വിമര്‍ശനം. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കുമെല്ലാം മത്സരിക്കാന്‍ ജില്ലാ സെക്രട്ടറി മാത്രമേയുള്ളൂ എന്ന സ്ഥിതി മറ്റു നേതാക്കള്‍ക്ക് അപമാനകരമാണെന്ന് ജില്ലാ കമ്മിറ്റി അംഗം കരമന ഹരി കുറ്റപ്പെടുത്തി. ഇതിനിടെ എ.എ. റഹീമിനെ ആക്ടിങ് ജില്ലാ സെക്രട്ടറിയാക്കിയതിനെ ചൊല്ലിയും മോശം പരാമര്‍ശം ഉണ്ടായി.

പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും എല്ലാം ജില്ലാ സെക്രട്ടറി തന്നെ മത്സരിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനമാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായത്. ജില്ലയിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ കുറിച്ചും, ആക്ടിംഗ് ജില്ലാ സെക്രട്ടറിയെ തീരുമാനിച്ചതിനെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കേണ്ടെന്ന പൊതുതീരുമാനം വി. ജോയിക്ക് വേണ്ടി മാത്രം തിരുത്തിയെഴുതി എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കരമന ഹരി വിമര്‍ശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ പോലും മാറിനിന്ന സാഹചര്യത്തില്‍ എന്താണ് വി ജോയിക്ക് മാത്രം എപ്പോഴും ഇളവെന്ന് കരമന ഹരി ചോദിച്ചു.

സെക്രട്ടറി പദം ആരുടെയും അട്ടിപ്പേര്‍ അവകാശമല്ലെന്നും ഇരട്ടപ്പദവി അംഗീകരിക്കാനാവില്ലെന്നും കരമന ഹരി തുറന്നടിച്ചു. ജോയിക്ക് വേണ്ടി പാര്‍ട്ടി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തുന്നു എന്ന ആരോപണത്തിന് വിജയ സാധ്യത മാത്രമാണ് മാനദണ്ഡം എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മറുപടി നല്‍കി.

ഇതിനിടയില്‍ ആക്ടിംഗ് സെക്രട്ടറിയായി എ.എ. റഹീമിനെ നിയോഗിച്ചതിനെ കുറിച്ച് കരമന ഹരി നടത്തിയ പരാമര്‍ശത്തിനെതിരെ എം.വി. ഗോവിന്ദന്‍ രൂക്ഷമായി വിമര്‍ശനമുന്നയിച്ചു. പാര്‍ട്ടിക്ക് തിരുവനന്തപുരം ജില്ലയില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ എ.എ. റഹീമിനെ ജില്ലാ സെക്രട്ടറി ആക്കിയത് നന്നായി എന്നായിരുന്നു കരമന ഹരിയുടെ പരാമര്‍ശം.

മുസ്ലിം ആയതുകൊണ്ടല്ല എ.എ. റഹീമിനെ ജില്ലാ സെക്രട്ടറി ആക്കിയത് എന്ന് എം.വി. ഗോവിന്ദന്‍ മറുപടി നല്‍കി. നിലവില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഉള്ള ജില്ലാ സെക്രട്ടറിയാക്കാന്‍ കഴിയുന്ന നേതാവ് എന്ന നിലയിലാണ് എ.എ. റഹീമിനെ ജില്ലാ സെക്രട്ടറിയുടെ ചുമതലയില്‍ കൊണ്ടുവന്നത് എന്ന് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346058/joy-s-candidacy-met-with-strong-criticism-in-the-thiruvananthapuram-district-committee)