---
title: "16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി കർണാടക"
english_title: "Karnataka bans social media for those under 16"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346045/karnataka-bans-social-media-for-those-under-16"
published_at: "2026-03-06T15:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aaaa3ee9cff_5.jpg"
keywords: []
---

# 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി കർണാടക

> **Lead Summary:** **ബംഗളൂരു: **കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. 16 വയസ്സിൽ താഴെയുള്ളവർക്ക് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന പ്രഖ്യാപനം മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തിനിടെയാണ് നടത്തിയത്. ഇതോടെ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കർണാടക മാറി.

## Article Content

**ബംഗളൂരു: **കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. 16 വയസ്സിൽ താഴെയുള്ളവർക്ക് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന പ്രഖ്യാപനം മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തിനിടെയാണ് നടത്തിയത്. ഇതോടെ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കർണാടക മാറി.

കുട്ടികൾ അമിതമായി മൊബൈൽ ഫോണിലും സോഷ്യൽ മീഡിയയിലും സമയം ചെലവഴിക്കുന്നത് അവരുടെ പഠനത്തെയും ശാരീരിക-മാനസിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ സുപ്രധാന നീക്കം. വിദഗ്ധരുമായി നടത്തിയ പ്രാഥമിക ചർച്ചകൾക്ക് ശേഷമാണ് സർക്കാർ ഈ തീരുമാനമെടുത്തത്. സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആന്ധ്രാപ്രദേശും ഗോവയും ആലോചിക്കുന്നുണ്ട്.

വിലക്ക് പ്രഖ്യാപിച്ചെങ്കിലും ഇത് പ്രായോഗികമായി എങ്ങനെ നടപ്പിലാക്കും എന്ന കാര്യത്തിൽ സർക്കാർ കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. കുട്ടികളുടെ പ്രായം എങ്ങനെ പരിശോധിക്കും, നിയമം ലംഘിക്കുന്നവർക്കെതിരെ എന്ത് നടപടിയുണ്ടാകും, ടെക് കമ്പനികളുടെ സഹകരണം എങ്ങനെ ഉറപ്പാക്കും തുടങ്ങിയ കാര്യങ്ങളിൽ വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഡിസംബറിൽ ഓസ്‌ട്രേലിയ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയിരുന്നു. ആഗോളതലത്തിൽ ഇത്തരം ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഇന്ത്യയിൽ കർണാടക ഈ മാതൃക സ്വീകരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346045/karnataka-bans-social-media-for-those-under-16)