---
title: "'പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന മന്ത്രി' കെഎസ്ആർടിസിയിൽ ഇനി 'എമിറേറ്റ്‌സ്' മോഡൽ യാത്ര; പാൻട്രിയും ടോയ്‌ലറ്റുമുള്ള ബിസിനസ് ക്ലാസ് ബസ് 15-നെത്തും!"
english_title: "Business class bus with pantry and toilet will carry 15 passengers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/346001/business-class-bus-with-pantry-and-toilet-will-carry-15-passengers"
published_at: "2026-03-06T14:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa921b80022_Business_class_bus_with_pantry_and_toilet_will_carry_15_passengers.jpg"
keywords: []
---

# 'പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന മന്ത്രി' കെഎസ്ആർടിസിയിൽ ഇനി 'എമിറേറ്റ്‌സ്' മോഡൽ യാത്ര; പാൻട്രിയും ടോയ്‌ലറ്റുമുള്ള ബിസിനസ് ക്ലാസ് ബസ് 15-നെത്തും!

> **Lead Summary:** കൊച്ചി: കെഎസ്ആര്‍ടിസിയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‍കുമാര്‍. വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുള്ള 'ബിസിനസ് ക്ലാസ്' ബസ് സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ആരംഭിക്കുന്നത്. ഈ മാസം 15-ഓടെ ആദ്യ ബസ് എത്തുമെന്ന് മന്ത്രി അറിയിച്ചു. എറണാകുളത്തെ നവീകരിച്ച ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടന വേളയിലായിരുന്നു പ്രഖ്യാപനം.

## Article Content

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‍കുമാര്‍. വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുള്ള 'ബിസിനസ് ക്ലാസ്' ബസ് സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ആരംഭിക്കുന്നത്. ഈ മാസം 15-ഓടെ ആദ്യ ബസ് എത്തുമെന്ന് മന്ത്രി അറിയിച്ചു. എറണാകുളത്തെ നവീകരിച്ച ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടന വേളയിലായിരുന്നു പ്രഖ്യാപനം.

യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്ന പാൻട്രി, ടോയ്‍ലറ്റ് സൗകര്യങ്ങള്‍ ഈ ബസിലുണ്ടാകും. ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനൊപ്പം തന്നെ ഇഷ്ടമുള്ള ഭക്ഷണവും ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കും. അത്യാധുനികമായ ഈ സര്‍വീസിലൂടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരമായ അനുഭവം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവീകരിച്ച സ്റ്റാന്‍ഡും അത്യാധുനിക ബസുകളും വരുന്നതോടെ പൊതുഗതാഗത രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിസിനസ് ക്ലാസ് ബസ് സര്‍വീസുകളുടെ ഉദ്ഘാടനവും ഈ വേദിയിൽ നടന്നതായും മന്ത്രി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ ഉദ്ഘാടനം പറ്റാത്തതിനാലാണ് ഇപ്പോള്‍ ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ബസ് വന്നാൽ താൻ ഓടിച്ച് നോക്കി സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം -കൊച്ചി റൂട്ടിലാകും ആദ്യ സര്‍വീസെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. വേദിയിൽ പ്രസംഗത്തിനിടെ ഹൈബി ഈഡൻ എംപി ഗണേഷ്‍കുമാറിനെ പ്രശംസിച്ചു. പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണ് മന്ത്രി ഗണേഷ്‍കുമാറെന്നും അതിന് ഉദാഹരണമാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്‍റെ നവീകറണമെന്നും മന്ത്രി കെഎസ്ആര്‍ടിസിയുടെ ഐശ്വര്യമായി നിലനിൽക്കട്ടെയെന്നും ഹൈബി ഈ‍ഡൻ പറഞ്ഞു.

കെഎസ്ആര്‍ടിസി പ്രീമിയം ബിസിനസ് ക്ലാസ് ബസ് സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ തന്നെ മന്ത്രി കെബി ഗണേഷ്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ദേശീയപാത വികസനം പൂർത്തിയാകുന്ന മുറയ്ക്ക്, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര-നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക 'ബിസിനസ് ക്ലാസ്' ബസ് സർവീസ് ആരംഭിക്കുമെന്നായിരുന്നു ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിന്‍റെ പ്രഖ്യാപനം. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകൾ നിരത്തിലിറങ്ങുകയെന്നും ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളിൽ ഒരു പുതിയ അധ്യായം തുറക്കുമെന്നുറപ്പാണെന്നും മന്ത്രി പറ‍ഞ്ഞിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ബസ് ഈ മാസം 15ന് എത്തുമെന്ന് മന്ത്രി ഇന്ന് പ്രഖ്യാപിച്ചത്.

25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസിൽ ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫൈ എന്നിവയുണ്ടാകും. യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവർക്ക് പുറമെ ഒരു 'ബസ് ഹോസ്റ്റസും' ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. ലോകോത്തര നിലവാരം ഉറപ്പാക്കാൻ സീറ്റുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമെന്നും പറഞ്ഞിരുന്നു. 15ന് ബസ് എത്തിയാലെ എന്താലാം സൗകര്യങ്ങളാണ് ഉണ്ടാകുകയെന്ന് പൂര്‍ണമായും അറിയാനാകു. 2026 ഡിസംബറിൽ ആറുവരി ദേശീയപാത പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്ത് വൻ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിർമ്മിതബുദ്ധിയുടെ (AI) സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഒരേ റൂട്ടിൽ കൃത്യമായ ഇടവേളകളിൽ ബസുകൾ ഓടുന്നുവെന്ന് ഉറപ്പാക്കാൻ പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിക്കും. ജിപിഎസ് സഹായത്തോടെ ഗതാഗതക്കുരുക്ക് മുൻകൂട്ടിയറിഞ്ഞ് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതോടെ യാത്രകൾ കൂടുതൽ സുഗമമാകും. ഇതിനൊപ്പം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങളും വരുന്നുണ്ട്. ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ വെച്ചുതന്നെ ലൈസൻസ് നൽകാനുള്ള സംവിധാനമൊരുക്കുന്നതോടെ ലൈസൻസ് ലഭിക്കുന്നതിനുള്ള കാലതാമസം പൂർണ്ണമായും ഒഴിവാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/346001/business-class-bus-with-pantry-and-toilet-will-carry-15-passengers)