---
title: "താളൂരിൽ ബോർഡിനെച്ചൊല്ലി പോര്; കേരള-തമിഴ്നാട് അതിർത്തിയിൽ സംഘർഷാവസ്ഥ, പോലീസ് കാവൽ"
english_title: "Tension prevails on Kerala-Tamil Nadu border, police on guard"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345999/tension-prevails-on-kerala-tamil-nadu-border-police-on-guard"
published_at: "2026-03-06T13:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa8fb46d0de_7.jpg"
keywords: []
---

# താളൂരിൽ ബോർഡിനെച്ചൊല്ലി പോര്; കേരള-തമിഴ്നാട് അതിർത്തിയിൽ സംഘർഷാവസ്ഥ, പോലീസ് കാവൽ

> **Lead Summary:** **സുല്‍ത്താന്‍ ബത്തേരി: [ **കേരള-തമിഴ്നാട് അതിർത്തി ഗ്രാമമായ താളൂരിൽ അതിർത്തി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. സുൽത്താൻ ബത്തേരി - താളൂർ റോഡിന്റെ നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന് കേരളം സ്ഥാപിച്ച സ്വാഗത ബോർഡാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്.

## Article Content

**സുല്‍ത്താന്‍ ബത്തേരി: [ **കേരള-തമിഴ്നാട് അതിർത്തി ഗ്രാമമായ താളൂരിൽ അതിർത്തി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. സുൽത്താൻ ബത്തേരി - താളൂർ റോഡിന്റെ നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന് കേരളം സ്ഥാപിച്ച സ്വാഗത ബോർഡാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്.

ഈ ബോർഡ് തമിഴ്നാടിന്റെ പരിധിയിലാണെന്നും ഇത് ഉടൻ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് 'നാം തമിഴർ പാർട്ടി' പ്രവർത്തകരും തമിഴ്നാട് ഉദ്യോഗസ്ഥരും രംഗത്തെത്തി. ഇതോടെ അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സംഘത്തെ വൻതോതിൽ വിന്യസിച്ചിരിക്കുകയാണ്.

വർഷങ്ങളായി അതിർത്തി തർക്കം നിലനിൽക്കുന്ന താളൂരിൽ, പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് മുൻപ് തർക്കങ്ങൾ ഉടലെടുത്തിരുന്നത്. ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് തമിഴ്നാട് സർക്കാർ സ്ഥാപിച്ച ബോർഡുകൾ മാറ്റുന്നതിനെച്ചൊല്ലി നേരത്തെ പലതവണ ചർച്ചകൾ നടന്നെങ്കിലും പരിഹാരമായിരുന്നില്ല.

ഇതിനിടയിലാണ് പുതിയ റോഡിന്റെ ബോർഡ് സ്ഥാപിച്ചത് തമിഴ്നാടിന്റെ മണ്ണിലാണെന്ന ആരോപണവുമായി പ്രതിഷേധക്കാർ എത്തിയത്. ബോർഡ് ബലമായി നീക്കം ചെയ്യാൻ ശ്രമിച്ച രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ഇരുഭാഗത്തെയും റവന്യൂ-പോലീസ് ഉദ്യോഗസ്ഥർ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും തർക്കം ഇതുവരെ അവസാനിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345999/tension-prevails-on-kerala-tamil-nadu-border-police-on-guard)