---
title: "'ഇന്ത്യയെന്താ വെള്ളരിക്കാപ്പട്ടണമോ?'; എണ്ണ ഇറക്കുമതിയിൽ യുഎസ് നിലപാടിനെതിരെ കേന്ദ്രത്തെ കടന്നാക്രമിച്ച് കോൺഗ്രസ്"
english_title: "Congress attacks Centre over US stance on oil imports"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345997/congress-attacks-centre-over-us-stance-on-oil-imports"
published_at: "2026-03-06T13:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa8dda5965a_6.jpg"
keywords: []
---

# 'ഇന്ത്യയെന്താ വെള്ളരിക്കാപ്പട്ടണമോ?'; എണ്ണ ഇറക്കുമതിയിൽ യുഎസ് നിലപാടിനെതിരെ കേന്ദ്രത്തെ കടന്നാക്രമിച്ച് കോൺഗ്രസ്

> **Lead Summary:** **ദില്ലി: [ **റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ ട്രഷറി വിഭാഗം പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശങ്ങൾ ഇന്ത്യയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

## Article Content

**ദില്ലി: [ **റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ ട്രഷറി വിഭാഗം പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശങ്ങൾ ഇന്ത്യയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ 30 ദിവസത്തെ താൽക്കാലിക അനുമതി നൽകുന്നു എന്ന യുഎസ് പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷാ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മറ്റൊരു രാജ്യത്തിന്റെ അനുമതി ആവശ്യമാണോ എന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു.

രാജ്യം ഒരു 'ബനാന റിപ്പബ്ലിക്' (വെള്ളരിക്കാപ്പട്ടണം) ആയി മാറിയോ എന്നും, കേന്ദ്ര സർക്കാർ രാജ്യത്തിന്റെ പരമാധികാരം അടിയറവ് വെക്കുകയാണോ എന്നും അദ്ദേഹം വിമർശിച്ചു. സമാനമായ രീതിയിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രൺദീപ് സിംഗ് സുർജേവാലയും ജയറാം രമേശും രംഗത്തെത്തി.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും അന്തസ്സും പണയപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് സുർജേവാല ആരോപിച്ചപ്പോൾ, ട്രംപ് ഭരണകൂടത്തിന്റെ ബ്ലാക്ക്‌മെയിലിംഗിന് മോദി സർക്കാർ വഴങ്ങുകയാണെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.

ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവിപണിയിൽ ഉണ്ടായ പ്രതിസന്ധി ലഘൂകരിക്കാനാണ് ഇന്ത്യക്ക് ഇത്തരമൊരു ഇളവ് നൽകുന്നതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ വിശദീകരണം.

നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ഡൊണാൾഡ് ട്രംപ്, ഇന്ത്യയ്ക്ക് അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. എന്നാൽ വ്യാപാര കരാറുകളുടെയും കോടതി വിധികളുടെയും പശ്ചാത്തലത്തിൽ ഈ തീരുവയിൽ പിന്നീട് കുറവ് വരുത്തി.

നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ ടാങ്കറുകളിൽ നിന്നുള്ള എണ്ണ വാങ്ങാൻ മാത്രമാണ് ഈ 30 ദിവസത്തെ അനുമതി ബാധകമാവുക. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്നും ഭാവിയിൽ അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ പ്രസ്താവനകളാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ വാക്പോരുകൾക്ക് കാരണമായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345997/congress-attacks-centre-over-us-stance-on-oil-imports)