---
title: "'ജനക്ഷേമത്തിനായി നടത്തിയ ഇടപെടലുകൾ ഫലം കാണുന്നു'; കേരളത്തിൽ പുതിയ റൂട്ടിൽ ട്രെയിൻ എത്തുന്നുവെന്ന് സുരേഷ് ഗോപി"
english_title: "central minister suresh gopi announces new train for kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345989/central-minister-suresh-gopi-announces-new-train-for-kerala"
published_at: "2026-03-06T13:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa8750a4f25_suresh_gopi.jpg"
keywords: []
---

# 'ജനക്ഷേമത്തിനായി നടത്തിയ ഇടപെടലുകൾ ഫലം കാണുന്നു'; കേരളത്തിൽ പുതിയ റൂട്ടിൽ ട്രെയിൻ എത്തുന്നുവെന്ന് സുരേഷ് ഗോപി

> **Lead Summary:** **പാലക്കാട്: ** പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് പുതിയ മെമു ട്രെയിൻ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്നും അനുമതി ലഭിച്ചതായും ദീർഘനാളത്തെ ആവശ്യത്തിന് അംഗീകാരമായിരിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക കുറിപ്പ് പങ്കുവെച്ചുകൊണ്ട്, ഫേസ്ബുക്കിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

## Article Content

**പാലക്കാട്: ** പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് പുതിയ മെമു ട്രെയിൻ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്നും അനുമതി ലഭിച്ചതായും ദീർഘനാളത്തെ ആവശ്യത്തിന് അംഗീകാരമായിരിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക കുറിപ്പ് പങ്കുവെച്ചുകൊണ്ട്, ഫേസ്ബുക്കിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ട്രെയിനിന്റെ സമയവും മറ്റ് കാര്യങ്ങളും തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് റെയിൽവേയാണ്. നിലവിൽ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് മൂന്ന് ട്രെയിനുകൾ മാത്രമാണ് ഉള്ളത്. കാലത്ത് 4.20 നുള്ള അമൃത എക്സ്പ്രസ്സ്, 6.10നുള്ള തിരുച്ചെന്തൂർ എക്സ്പ്രസ്സ്, വൈകുന്നേരം 3.50ന് ചെന്നൈ എക്സ്പ്രസ്സ് എന്നിവയാണവ.

നേരത്തെ പാലക്കാട് ടൗൺ - പറളി ബൈപ്പാസിന് ലൈനിന് കേന്ദ്രസർക്കാർ 163.7 കോടി രൂപ അനുവദിച്ചിരുന്നു. ഇത് സംബന്ധിച്ച ഫയലുകളിൽ റെയിൽവേ മന്ത്രി ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു. ബൈപ്പാസ് ലൈൻ യാഥാർഥ്യമായാൽ പാലക്കാട് ജംഗ്ഷനിലേക്ക് കയറാതെത്തന്നെ ട്രെയിനുകൾക്ക് പാലക്കാട് ടൗൺ, പൊള്ളാച്ചി പാതയിലേക്ക് പ്രവേശിക്കാം. സമയലാഭവും കൂടുതൽ ട്രെയിനുകളും ഈ ബൈപ്പാസ് യാതാർത്ഥ്യമായാൽ പ്രതീക്ഷിക്കാം.

**കുറിപ്പിന്റെ പൂർണരൂപം**

***പ്രിയപ്പെട്ടവരേ,​നമ്മുടെ പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് വേണമെന്ന ദീർഘനാളത്തെ ആവശ്യത്തിന് ഇപ്പോൾ അംഗീകാരമായിരിക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിയിൽ നിന്നും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ച വിവരം നിങ്ങളെ ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. ***

***യാത്രക്കാരുടെ സൗകര്യാർത്ഥം ഈ വിഷയം അനുഭാവപൂർവ്വം പരിഗണിക്കുകയും വേഗത്തിൽ നടപടി സ്വീകരിക്കുകയും ചെയ്ത കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ജനക്ഷേമത്തിനായി നമ്മൾ നടത്തിയ ഇടപെടലുകൾ ഫലം കാണുന്നതിൽ അതിയായ സന്തോഷം. വികസനത്തിന്റെ പാതയിൽ നമുക്ക് ഒരുമിച്ച് മുന്നേറാം.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345989/central-minister-suresh-gopi-announces-new-train-for-kerala)