---
title: "മുംബൈയിൽ സഞ്ജു ഷോ, സസ്പെൻസ് ക്ലൈമാക്സിൽ ഇംഗ്ലണ്ട് വീണു; ഇന്ത്യ നാലാം തവണയും ലോകകപ്പ് ഫൈനലിൽ"
english_title: "India in the World Cup final for the fourth time"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345910/india-in-the-world-cup-final-for-the-fourth-time"
published_at: "2026-03-06T09:30:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa51b30a989_2.jpg"
keywords: []
---

# മുംബൈയിൽ സഞ്ജു ഷോ, സസ്പെൻസ് ക്ലൈമാക്സിൽ ഇംഗ്ലണ്ട് വീണു; ഇന്ത്യ നാലാം തവണയും ലോകകപ്പ് ഫൈനലിൽ

> **Lead Summary:** **മുംബൈ: [ **ടി20 ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. മുംബൈയിൽ നടന്ന പോരാട്ടത്തിൽ റൺമല തീർത്ത ഇന്ത്യക്കെതിരെ ജേക്കബ് ബെഥേലിന്റെ തകർപ്പൻ സെഞ്ചുറി കരുത്തിൽ ഇംഗ്ലണ്ട് തിരിച്ചടിച്ചെങ്കിലും, ഏഴ് റൺസിന്റെ വിജയവുമായി ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു.

## Article Content

**മുംബൈ: [ **ടി20 ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. മുംബൈയിൽ നടന്ന പോരാട്ടത്തിൽ റൺമല തീർത്ത ഇന്ത്യക്കെതിരെ ജേക്കബ് ബെഥേലിന്റെ തകർപ്പൻ സെഞ്ചുറി കരുത്തിൽ ഇംഗ്ലണ്ട് തിരിച്ചടിച്ചെങ്കിലും, ഏഴ് റൺസിന്റെ വിജയവുമായി ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ (42 പന്തിൽ 89) മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.

ശിവം ദുബെ, ഇഷാൻ കിഷൻ തുടങ്ങിയവരുടെ പ്രകടനം ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നിൽ വെക്കാൻ ഇന്ത്യയെ സഹായിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ പ്രമുഖ വിക്കറ്റുകൾ നഷ്ടമായെങ്കിലും നാലാമനായി ഇറങ്ങിയ ജേക്കബ് ബെഥേൽ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു.

വെറും 48 പന്തിൽ 105 റൺസെടുത്ത ബെഥേൽ, വിൽ ജാക്സിനെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിനെ അവിശ്വസനീയ വിജയത്തിന് തൊട്ടടുത്തെത്തിച്ചു. ഒരു ഘട്ടത്തിൽ ഇന്ത്യ പരാജയം മണത്തെങ്കിലും, നിർണ്ണായകമായ അവസാന ഓവറുകളിൽ ജസ്പ്രീത് ബുമ്രയും ഹാർദിക് പാണ്ഡ്യയും റണ്ണൊഴുക്ക് തടഞ്ഞത് വഴിത്തിരിവായി.

അവസാന ഓവറിലെ ആദ്യ പന്തിൽ ബെഥേലിനെ സഞ്ജു സാംസൺ റണ്ണൗട്ടാക്കിയതോടെ ഇന്ത്യ ജയമുറപ്പിച്ചു. അവസാന പന്തുകളിൽ സിക്സറുകൾ വഴങ്ങിയെങ്കിലും ശിവം ദുബെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345910/india-in-the-world-cup-final-for-the-fourth-time)