---
title: "യുദ്ധഭീതിയിൽ അടുക്കള പൊള്ളുന്നു: പാചക എണ്ണവിലയിൽ വൻ വർദ്ധനവ്"
english_title: "Huge increase in cooking oil prices"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345908/huge-increase-in-cooking-oil-prices"
published_at: "2026-03-06T09:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa51ce5b015_Huge_increase_in_cooking_oil_prices.jpg"
keywords: []
---

# യുദ്ധഭീതിയിൽ അടുക്കള പൊള്ളുന്നു: പാചക എണ്ണവിലയിൽ വൻ വർദ്ധനവ്

> **Lead Summary:** ബെംഗളൂരു: ഇറാൻ-ഇസ്രായേൽ യുദ്ധസാഹചര്യവും പശ്ചിമേഷ്യയിലെ അശാന്തിയും ആഭ്യന്തര വിപണിയിൽ പാചക എണ്ണവില വർദ്ധിപ്പിക്കുന്നു. കേരളത്തിന് പുറത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സൺഫ്ലവർ ഓയിലിന് ഒരാഴ്ചയ്ക്കിടെ ലിറ്ററിന് 4 മുതൽ 5 രൂപ വരെയാണ് വർദ്ധിച്ചത്. സൺഫ്ലവർ - റൈസ് ബ്രാൻ ഓയിൽ മിശ്രിതങ്ങൾക്ക് ലിറ്ററിന് 10 രൂപ വരെ വില ഉയർന്നിട്ടുണ്ട്. ഇറക്കുമതി തടസ്സപ്പെടുമെന്ന ആശങ്കയും രാജ്യാന്തര വിപണിയിലെ വിലക്കയറ്റവുമാണ് തിരിച്ചടിയാകുന്നത്.

## Article Content

ബെംഗളൂരു: ഇറാൻ-ഇസ്രായേൽ യുദ്ധസാഹചര്യവും പശ്ചിമേഷ്യയിലെ അശാന്തിയും ആഭ്യന്തര വിപണിയിൽ പാചക എണ്ണവില വർദ്ധിപ്പിക്കുന്നു. കേരളത്തിന് പുറത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സൺഫ്ലവർ ഓയിലിന് ഒരാഴ്ചയ്ക്കിടെ ലിറ്ററിന് 4 മുതൽ 5 രൂപ വരെയാണ് വർദ്ധിച്ചത്. സൺഫ്ലവർ - റൈസ് ബ്രാൻ ഓയിൽ മിശ്രിതങ്ങൾക്ക് ലിറ്ററിന് 10 രൂപ വരെ വില ഉയർന്നിട്ടുണ്ട്. ഇറക്കുമതി തടസ്സപ്പെടുമെന്ന ആശങ്കയും രാജ്യാന്തര വിപണിയിലെ വിലക്കയറ്റവുമാണ് തിരിച്ചടിയാകുന്നത്.

മഹാരാഷ്ട്രയും ആന്ധ്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സൂര്യകാന്തി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും രാജ്യത്ത് സൺഫ്ലവർ ഓയിൽ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്നത് കർണാടകമാണ്. എന്നാൽ ആ ഉത്പാദനം രാജ്യമെങ്ങും ആവശ്യക്കാരുള്ള സൺ ഫ്ലവർ ഓയിൽ ഉപയോഗത്തിന് ആനുപാതികമല്ല. അതുകൊണ്ടുതന്നെ നമുക്കാവശ്യമുള്ള സൂര്യകാന്തി എണ്ണയുടെ നല്ലൊരു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. യുക്രെയ്ൻ, റഷ്യ, അർജന്റീന, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി. ഈ ഇറക്കുമതിയെ യുദ്ധം ബാധിച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് വിപണിയിലെ പ്രതിഫലനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ഒരാഴ്ച മുൻപ് വരെ അതായത് യുദ്ധം തുടങ്ങും മുൻപ് ബെംഗളൂരുവിൽ ഒരു ലിറ്റ‌ർ സൺഫ്ലവർ ഓയിൽ 161 രൂപയ്ക്ക് ലഭിക്കുമായിരുന്നു. എന്നാലിന്ന് അത് 165 രൂപയായി ഉയർന്നിട്ടുണ്ട്. ഏതെങ്കിലും ഒരു ബ്രാൻഡിനെയല്ല, മറിച്ച് സൂര്യകാന്തി എണ്ണയെ ആകെയാണ് വിലക്കയറ്റം ബാധിച്ചിരിക്കുന്നത് എന്ന് വിപണിയിലെ വിലനിരവാരത്തിൽ നിന്ന് വ്യക്തമാകും. സൂര്യകാന്തി എണ്ണയ്ക്കൊപ്പം തവിടെണ്ണ പോലുള്ളവ കൂട്ടിക്കലർത്തിയുള്ള എണ്ണയും ഇന്ന് വിപണിയിലുണ്ട്. സഫോള ഗോൾഡ് പോലുള്ള അത്തരം എണ്ണയ്ക്ക് ലിറ്ററിന് 11 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. വരും നാളുകളിൽ ബ്ലെൻഡഡ് ഓയിലിനും സൂര്യകാന്തി എണ്ണയ്ക്കും 10 മുതൽ 20 രൂപ വില ഇനിയും ഉയരാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കർണാടകത്തേക്കാൾ അ‍ഞ്ചും ആറും രൂപ അധിക വിലയ്ക്ക് സൂര്യകാന്തി എണ്ണ വിൽക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് എത്തുമ്പോൾ ആ വില വരും നാളുകളിൽ ലിറ്ററിന് 200ന് അടുത്ത് എത്തിയാലും അത്ഭുതപ്പെടാനില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345908/huge-increase-in-cooking-oil-prices)