---
title: "ഇറാൻ കപ്പൽ തകർത്തു: യുഎസ് നടപടിയിൽ ഉന്നതതല ചർച്ചയുമായി ഇന്ത്യ; എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു"
english_title: "India holds high-level talks on US action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345907/india-holds-high-level-talks-on-us-action"
published_at: "2026-03-06T09:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa501536449_1.jpg"
keywords: []
---

# ഇറാൻ കപ്പൽ തകർത്തു: യുഎസ് നടപടിയിൽ ഉന്നതതല ചർച്ചയുമായി ഇന്ത്യ; എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു

> **Lead Summary:** **ദില്ലി: [ **ശ്രീലങ്കൻ തീരത്തിന് സമീപം ഇറാന്റെ യുദ്ധക്കപ്പലായ 'ഐആർഐഎസ് ദേന' യുഎസ് തകർത്തതിനെത്തുടർന്നുണ്ടായ അതീവ ഗുരുതരമായ സാഹചര്യം ഇന്ത്യ ഉന്നതതലത്തിൽ വിലയിരുത്തുന്നു.

## Article Content

**ദില്ലി: [ **ശ്രീലങ്കൻ തീരത്തിന് സമീപം ഇറാന്റെ യുദ്ധക്കപ്പലായ 'ഐആർഐഎസ് ദേന' യുഎസ് തകർത്തതിനെത്തുടർന്നുണ്ടായ അതീവ ഗുരുതരമായ സാഹചര്യം ഇന്ത്യ ഉന്നതതലത്തിൽ വിലയിരുത്തുന്നു.

അമേരിക്കൻ ആണവ അന്തർവാഹിനിയിൽ നിന്നേറ്റ ടോർപിഡോ ആക്രമണത്തിലാണ് കപ്പൽ തകർന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തി.

രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ നാവികസേന നടത്തിയ ഇടപെടലുകളെക്കുറിച്ച് അദ്ദേഹം ഇറാനെ ധരിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയമായും ചൂടുപിടിക്കുകയാണ്.

മാർച്ച് നാലിന് പുലർച്ചെ കൊളംബോയ്ക്ക് സമീപം വെച്ചാണ് ഇറാൻ കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചത്. ശ്രീലങ്കൻ നാവികസേന കൈമാറിയ ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഉടൻ തന്നെ പട്രോളിംഗ് ഹെലികോപ്റ്ററുകളും രക്ഷാബോട്ടുകളും സംഭവസ്ഥലത്തേക്ക് അയച്ചു.

ശ്രീലങ്കയുടെ ഉത്തരവാദിത്തത്തിലുള്ള മേഖലയിലാണ് അപകടം നടന്നതെങ്കിലും, അയൽരാജ്യം എന്ന നിലയിൽ ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ഇക്ഷക് എന്നീ കപ്പലുകളെ ഇന്ത്യ തിരച്ചിലിനായി നിയോഗിച്ചു.

നിലവിൽ ശ്രീലങ്കൻ ഏജൻസികളുമായി സഹകരിച്ച് ഇന്ത്യൻ നാവികസേന പ്രദേശത്ത് സജീവമായ തിരച്ചിൽ തുടരുകയാണ്. ഇതിനിടെ, യുഎഇയിൽ കുടുങ്ങിക്കിടന്ന ഏഴായിരത്തോളം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞതായും കേന്ദ്ര സർക്കാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345907/india-holds-high-level-talks-on-us-action)