---
title: "പേർഷ്യൻ ഗൾഫിൽ അമേരിക്കൻ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ പ്രത്യാക്രമണം; തിരിച്ചടിച്ച് റെവലൂഷനറി ഗാർഡ്‌സ്"
english_title: "Iran retaliates against US oil tanker in Persian Gulf; Revolutionary Guards retaliate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345781/iran-retaliates-against-us-oil-tanker-in-persian-gulf-revolutionary-guards-retaliate"
published_at: "2026-03-05T14:54:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a94c4992496_fire.jpg"
keywords: []
---

# പേർഷ്യൻ ഗൾഫിൽ അമേരിക്കൻ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ പ്രത്യാക്രമണം; തിരിച്ചടിച്ച് റെവലൂഷനറി ഗാർഡ്‌സ്

> **Lead Summary:** **തെഹ്റാൻ: (https://gcc.truevisionnews.com/**) ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെ, പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ തങ്ങൾ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡ് കോർപ്‌സ് അവകാശപ്പെട്ടു.

## Article Content

**തെഹ്റാൻ: (https://gcc.truevisionnews.com/**) ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെ, പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ തങ്ങൾ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡ് കോർപ്‌സ് അവകാശപ്പെട്ടു.

ആക്രമണത്തെത്തുടർന്ന് കപ്പൽ തീപിടിച്ച നിലയിലാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച നടത്തിയ ആക്രമണത്തിൽ കപ്പലിൽ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായെന്നോ ആളപായമുണ്ടോ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഇറാന്റെ പ്രത്യാക്രമണം. ശ്രീലങ്കയുടെ തെക്കൻ തീരത്തിന് സമീപം യു.എസ് അന്തർവാഹിനി ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ടോർപ്പിഡോ ഉപയോഗിച്ച് തകർത്തിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഒരു ശത്രു കപ്പലിനെ ടോർപ്പിഡോ ഉപയോഗിച്ച് മുക്കുന്നത്. ഇതിനു പിന്നാലെ, നടപടിയിൽ അമേരിക്കക്ക് കയ്പ്പേറിയ രീതിയിൽ ദുഃഖിക്കേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകിയിരുന്നു.

ഫെബ്രുവരി 18 മുതൽ 25 വരെ വിശാഖപട്ടണത്ത് നടന്ന ‘മിലാൻ’ അന്താരാഷ്ട്ര നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇറാന്‍റെ കപ്പൽ. ഇന്ത്യൻ നാവികസേനയുടെ അതിഥിയായി എത്തിയ കപ്പലിനെയാണ് മുന്നറിയിപ്പില്ലാതെ ആക്രമിച്ചതെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.

കപ്പലിൽ ഏകദേശം 130 നാവികർ ഉണ്ടായിരുന്നു. അമേരിക്കൻ ആക്രമണത്തിൽ 80ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുപ്പതോളം ഇറാനിയൻ നാവികരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. ഇവരെ ചികിത്സയ്ക്കായി തെക്കൻ തുറമുഖ നഗരമായ ഗാലെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗൾഫ് മേഖലയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന സംഘർഷം ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്കും, ഇന്ത്യയുടെ തൊട്ടടുത്ത പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇറാനിയൻ നാവികസേനയുടെ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു.

സംഘർഷത്തിൽ ഇതിനോടകം തന്നെ ഇറാനിൽ ആയിരത്തിലേറ പേർ കൊല്ലപ്പെട്ടതായും പ്രത്യാക്രമണത്തിൽ ആറ് അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടമായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡ്രോണുകൾ വിക്ഷേപിക്കാൻ പാകത്തിൽ രൂപമാറ്റം വരുത്തിയ ഇറാനിയൻ കണ്ടെയ്നർ കപ്പലുകൾക്ക് നേരെയും യു.എസ് ആക്രമണം നടത്തിയിരുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കപ്പലിന് തീപിടിച്ച സംഭവത്തിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345781/iran-retaliates-against-us-oil-tanker-in-persian-gulf-revolutionary-guards-retaliate)