---
title: "'ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാം, ശശിയുടെ തീവ്രത ഇനി വി ഡി സതീശൻ അളക്കട്ടെ'- ഇ എൻ സുരേഷ് ബാബു"
english_title: "ENSureshBabu challenges PKSasi to prove his allegations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345770/ensureshbabu-challenges-pksasi-to-prove-his-allegations-new-"
published_at: "2026-03-05T14:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a945be396d6_babu.jpg"
keywords: []
---

# 'ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാം, ശശിയുടെ തീവ്രത ഇനി വി ഡി സതീശൻ അളക്കട്ടെ'- ഇ എൻ സുരേഷ് ബാബു

> **Lead Summary:** **തിരുവനന്തപുരം: **സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വിഭാഗീയത പുതിയ പോർമുഖത്തേക്ക്. തനിക്ക് മേൽ ഉന്നയിച്ച ആരോപണം തെളിയിക്കാൻ പി കെ ശശിയെ വെല്ലുവിളിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. അങ്ങനെ ആരോപണങ്ങൾ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വിഭാഗീയത പുതിയ പോർമുഖത്തേക്ക്. തനിക്ക് മേൽ ഉന്നയിച്ച ആരോപണം തെളിയിക്കാൻ പി കെ ശശിയെ വെല്ലുവിളിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. അങ്ങനെ ആരോപണങ്ങൾ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.

അനധികൃതമായി താൻ സ്വത്ത് സമ്പാദിച്ചിട്ടില്ല. എന്നാൽ പൊതുജീവിതം ആരംഭിച്ചത് മുതൽക്ക് ശശിയുടെ സമ്പത്ത് പരിശോധിക്കണം. പാർട്ടിയിൽ നിന്ന് ഇടക്ക് പുറത്തുപോകുകയും തിരിച്ചുവരികയും ചെയ്തിരുന്ന ആളാണ് പി കെ ശശി. ഇത്തരത്തിൽ ഒരാളുടെ പ്രസ്താവനയെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും നിസ്സാരമായി അവഗണിച്ചുതള്ളുകയാണെന്നും സുരേഷ് ബാബു പറഞ്ഞു.

ചിറ്റൂരിൽ തന്നെപ്പറ്റി അന്വേഷിക്കാൻ ആവശ്യപ്പെട്ടത് പോലെ മണ്ണാർക്കാട് ചെന്ന് ശശിയെ പറ്റിയും അന്വേഷിക്കണമെന്നും സുരേഷ് ബാബു പറഞ്ഞു. ശശി ഒന്നിനും പറ്റാത്ത ഒരുത്തനാണ്. തന്റെ പൊതുജീവിതത്തിൽ ഇത്തരം ആരോപണങ്ങളുണ്ടോ എന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. ശശിയുടെ തീവ്രത ഇനി വി ഡി സതീശൻ അളക്കട്ടെ എന്നും സുരേഷ് ബാബു പറഞ്ഞു. 

ഒറ്റപ്പാലത്തെ ശശിയുടെ സ്ഥാനാർത്ഥിത്വത്തെയും സുരേഷ് ബാബു പരിഹസിച്ചു. ഒറ്റപ്പാലത്ത് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും സ്ഥാനാർത്ഥിയുണ്ട്. ഞങ്ങളുടെ പാർട്ടിയുടെ അടുക്കളയിൽ പണിയെടുത്തവന് സ്ഥാനാർത്ഥിത്വം നൽകുന്നത് യുഡിഎഫിന്റെ ഗതികേടല്ലേ എന്നും സുരേഷ് ബാബു ചോദിച്ചു.

സിപിഐഎമ്മിന് ഒപ്പം നിൽക്കുമ്പോൾ പി കെ ശശി മോശപ്പെട്ടവൻ, യുഡിഎഫിനൊപ്പം നിൽക്കുമ്പോൾ നല്ലവൻ. ഇതാണ് മാധ്യമങ്ങളുടെ രീതി. തെറ്റ് തിരുത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പി കെ ശശിയെയും കണ്ടത്. പക്ഷേ ഒരാൾ സ്വയം നശിക്കാൻ തീരുമാനിച്ചാൽ പിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും സുരേഷ് ബാബു വിമർശിച്ചു.

പാർട്ടി പല ഘട്ടങ്ങളിലായി നടപടിയെടുത്തവരാണ് പാലക്കാട്ടെ വിമത കൺവെൻഷനിൽ പങ്കെടുത്തത് എന്നും സുരേഷ് ബാബു പറഞ്ഞു. അഴിമതിയിലും സ്ത്രീ വിഷയങ്ങളിലും നടപടി നേരിട്ടവരാണ് അവർ. നല്ല ഒരു വിഭാഗം ലീഗിന്റെയും കോൺഗ്രസിന്റെയും ആളുകളും കൺവെൻഷനിൽ ഉണ്ടായിരുന്നു. അവരാണ് വണ്ടി അറേഞ്ച് ചെയ്തത് എന്നും സുരേഷ് ബാബു പറഞ്ഞു. പി കെ ശശിക്ക് ഇപ്പോൾ ഒരുതരം വിഭ്രാന്തിയാണ് എന്നും അതിന് താൻ മറുപടി പറയേണ്ട കാര്യമില്ല എന്നും സുരേഷ് ബാബു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345770/ensureshbabu-challenges-pksasi-to-prove-his-allegations-new-)