---
title: "വാംഖഡെയിൽ ഇന്ത്യ - ഇംഗ്ലണ്ട് പോരാട്ടം; മഴ പെയ്താൽ വിജയികളെ നിശ്ചയിക്കുന്നത് ഇങ്ങനെ"
english_title: "India vs England match, if it rains, this is how the winners will be decided"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345745/india-vs-england-match-if-it-rains-this-is-how-the-winners-will-be-decided"
published_at: "2026-03-05T13:19:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9379fe5908_10.jpg"
keywords: []
---

# വാംഖഡെയിൽ ഇന്ത്യ - ഇംഗ്ലണ്ട് പോരാട്ടം; മഴ പെയ്താൽ വിജയികളെ നിശ്ചയിക്കുന്നത് ഇങ്ങനെ

> **Lead Summary:** **മുംബൈ: [ **ടി20 ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുമ്പോൾ, ആരാധകരെ ആശങ്കയിലാഴ്ത്തുന്നത് മഴനിയമങ്ങളാണ്.

## Article Content

**മുംബൈ: [ **ടി20 ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുമ്പോൾ, ആരാധകരെ ആശങ്കയിലാഴ്ത്തുന്നത് മഴനിയമങ്ങളാണ്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തിൽ മഴ വില്ലനായാൽ അത് ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്ക് കടുത്ത തിരിച്ചടിയാകും. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ഇതിനോടകം ഫൈനലിൽ ഇടംപിടിച്ചുകഴിഞ്ഞു.

ഇന്നത്തെ പോരാട്ടത്തിലെ വിജയികളാകും ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ കിവികളെ നേരിടുക. മുംബൈയിൽ നിലവിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും മഴ പെയ്ത് മത്സരം തടസ്സപ്പെട്ടാൽ ഐസിസിയുടെ കർശനമായ നിയമങ്ങൾ പാലിക്കേണ്ടി വരും.

സെമി ഫൈനലിനും ഫൈനലിനും റിസർവ് ദിനങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും, രണ്ട് ദിവസവും കളി നടത്താൻ സാധിക്കാതെ വന്നാൽ സൂപ്പർ 8 ഘട്ടത്തിലെ പ്രകടനമാകും മാനദണ്ഡമാക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വിജയങ്ങളുമായി ഒന്നാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടിന് ഇത് ഗുണകരമാകുമ്പോൾ, രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യയ്ക്ക് പുറത്തേക്ക് പോകേണ്ടി വരും.

ചുരുക്കത്തിൽ, മഴ മൂലം മത്സരം പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നാൽ ഇംഗ്ലണ്ട് നേരിട്ട് ഫൈനലിലെത്തും. ഒരു മത്സരത്തിന് ഫലം ഉണ്ടാകണമെങ്കിൽ ഇരു ടീമുകളും കുറഞ്ഞത് 10 ഓവർ വീതമെങ്കിലും ബാറ്റ് ചെയ്യണമെന്നാണ് നിയമം.

പ്രധാന ദിവസം 90 മിനിറ്റും റിസർവ് ദിനത്തിൽ 120 മിനിറ്റും അധിക സമയം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രകൃതി കനിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾ മഴയിൽ ഒലിച്ചുപോകാൻ സാധ്യതയുണ്ട്. മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345745/india-vs-england-match-if-it-rains-this-is-how-the-winners-will-be-decided)