---
title: "'ജി. സുധാകരനിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ, ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ല' - എം.എ. ബേബി"
english_title: "ma baby says that nothing from g sudhakaran will embarrass cpim or ldf"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345711/ma-baby-says-that-nothing-from-g-sudhakaran-will-embarrass-cpim-or-ldf"
published_at: "2026-03-05T11:37:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a91e83aed29_ma_baby.jpg"
keywords: []
---

# 'ജി. സുധാകരനിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ, ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ല' - എം.എ. ബേബി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** പാർട്ടി നേതൃത്വത്തിന്റെ അവഗണനയും പരിഹാസവും ചൂണ്ടിക്കാട്ടി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന ജി.സുധാകരന്റെ നിലപാടിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. അദ്ദേഹത്തിന് പരിഭവം ഉണ്ടെന്ന് സമ്മതിച്ച ബേബി, ജി.സുധാകരനിൽനിന്ന് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ലെന്നും വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** പാർട്ടി നേതൃത്വത്തിന്റെ അവഗണനയും പരിഹാസവും ചൂണ്ടിക്കാട്ടി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന ജി.സുധാകരന്റെ നിലപാടിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. അദ്ദേഹത്തിന് പരിഭവം ഉണ്ടെന്ന് സമ്മതിച്ച ബേബി, ജി.സുധാകരനിൽനിന്ന് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ലെന്നും വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളിലെ പരിഭവം പങ്കുവെച്ചതാണെന്നും ബേബി പറഞ്ഞു. സുധാകരനെ സിപിഎം നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നും ബേബി കൂട്ടിച്ചേർത്തു.

'ജി.സുധാകരനിൽനിന്ന് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ല. ചില പ്രയോഗത്തിലൊക്കെയുള്ള അദ്ദേഹത്തിന്റെ പരിഭവം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചതാണ്. അദ്ദേഹത്തെ ഞങ്ങളൊക്കെ ബന്ധപ്പെടുന്നുണ്ട്. ജി.സുധാകരന്റെ അനുഭവ സമ്പത്തും കഴിവും ഇടതുമുന്നണിക്ക് സഹായകരമായി അദ്ദേഹം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ' ബേബി പ്രതികരിച്ചു.

അതേസമയം ജി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമങ്ങളുമായി സിപിഐഎം. മെമ്പർഷിപ്പ് വിവാദങ്ങൾക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് താൻ ചിരിച്ചതെന്നും പരിഹസിച്ചതല്ലെന്നും ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു.

എം വി ഗോവിന്ദൻ അടക്കം തന്നെ പരിഹസിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം എഴുതിയ എഫ്ബി പോസ്റ്റിൽ സുധാകരൻ പറഞ്ഞിരുന്നത്. സുധാകരനെ പരിഗണിക്കുന്നില്ല എന്നായിരുന്നു വാർത്താസമ്മേളനത്തിനിടയിൽ എം വി ഗോവിന്ദൻ പറഞ്ഞത്. എന്നാൽ സുധാകരനെ വിളിച്ച ഗോവിന്ദൻ ഇതിൽ വ്യക്തത വരുത്തുകയായിരുന്നു.

വാർത്താ സമ്മേളനത്തിനിടെ താൻ ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് എന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ധരിപ്പിച്ചു. മാധ്യമങ്ങൾ കാര്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണ് എന്നും പാർട്ടി മെമ്പർഷിപ്പ് പുതുക്കണമെന്നും ഗോവിന്ദൻ സുധാകരനോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345711/ma-baby-says-that-nothing-from-g-sudhakaran-will-embarrass-cpim-or-ldf)