---
title: "അങ്കമാലി വാഹനാപകടം: ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്"
english_title: "Lookout notice issued for doctor; Police intensify investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345670/lookout-notice-issued-for-doctor-police-intensify-investigation"
published_at: "2026-03-05T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8ffa55ee9c_Lookout_notice_issued_for_doctor;_Police_intensify_investigation.jpg"
keywords: []
---

# അങ്കമാലി വാഹനാപകടം: ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

> **Lead Summary:** കൊച്ചി: ബി.കോം വിദ്യാർത്ഥിനി ജാസ്ലിയ ജോൺസന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഒളിവിൽ കഴിയുന്ന പ്രതി ഡോക്ടർ സിറിയക് പി. ജോർജിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാത്ത സാഹചര്യത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അപകടം നടന്ന് അഞ്ചാം ദിനം കടന്നുപോവുമ്പോൾ സിറിയക് ഒളിവിൽ തന്നെ തുടരുകയാണ്. ഇന്നലെ അതിരംപുഴയിലെ സിറിയക്കിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, ഡോക്ടറെ പിടികൂടാത്തതിൽ പ്രതിഷേധം കനക്കുകയാണ്.

## Article Content

കൊച്ചി: ബി.കോം വിദ്യാർത്ഥിനി ജാസ്ലിയ ജോൺസന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഒളിവിൽ കഴിയുന്ന പ്രതി ഡോക്ടർ സിറിയക് പി. ജോർജിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാത്ത സാഹചര്യത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അപകടം നടന്ന് അഞ്ചാം ദിനം കടന്നുപോവുമ്പോൾ സിറിയക് ഒളിവിൽ തന്നെ തുടരുകയാണ്. ഇന്നലെ അതിരംപുഴയിലെ സിറിയക്കിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, ഡോക്ടറെ പിടികൂടാത്തതിൽ പ്രതിഷേധം കനക്കുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തുറവൂരിൽ നിന്ന് വാഹനം കണ്ടെത്തിയത്. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോർജ് ആണ് വാഹനം ഓടിച്ചത്. ചാലാക്കൽ മെഡിക്കൽ കോളേജിലെ ഹൌസ് സർജൻസി വിദ്യാർത്ഥിയാണ് ഡോ. സിറിയക് പി ജോർജ്. അപകടം നടക്കുമ്പോൾ കാറിൽ സുഹൃത്തും ഉണ്ടായിരുന്നു. മദ്യപിച്ചതിന് തെളിവുകൾ ഇല്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നും അങ്കമാലി എസ്എച്ച്ഓ പറഞ്ഞു.

എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയാണ് ജാസ്ലിയ യാത്രയാകുന്നത്.

കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും, നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345670/lookout-notice-issued-for-doctor-police-intensify-investigation)