---
title: "ഖമനെയിക്ക് വിട നൽകാൻ ഇറാൻ; മൂന്ന് ദിവസത്തെ പൊതുദർശനം ഇന്ന് മുതൽ, പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നു"
english_title: "Iran holds three-day public vigil to bid farewell to Khamenei"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345593/iran-holds-three-day-public-vigil-to-bid-farewell-to-khamenei"
published_at: "2026-03-04T16:38:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a812cdde015_23.jpg"
keywords: []
---

# ഖമനെയിക്ക് വിട നൽകാൻ ഇറാൻ; മൂന്ന് ദിവസത്തെ പൊതുദർശനം ഇന്ന് മുതൽ, പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നു

> **Lead Summary:** **ടെഹ്റാൻ: [ **ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ ഭൗതികദേഹം ഇന്ന് മുതൽ പൊതുദർശനത്തിന് വെക്കും. ഇസ്രയേൽ-അമേരിക്കൻ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനെയിക്ക് ആദരാഞ്ജലി അർപ്പിക്കാൻ മൂന്ന് ദിവസത്തെ ചടങ്ങുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

## Article Content

**ടെഹ്റാൻ: [ **ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ ഭൗതികദേഹം ഇന്ന് മുതൽ പൊതുദർശനത്തിന് വെക്കും. ഇസ്രയേൽ-അമേരിക്കൻ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനെയിക്ക് ആദരാഞ്ജലി അർപ്പിക്കാൻ മൂന്ന് ദിവസത്തെ ചടങ്ങുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ടെഹ്‌റാനിലെ ഇമാം ഖൊമേനി പ്രാർത്ഥനാ ഹാളിൽ ഇന്ന് രാത്രി 10 മണിക്ക് ആരംഭിക്കുന്ന പൊതുദർശനത്തിന് ശേഷം മഷാദിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. ഖമനെയിയുടെ മരണത്തിന് പിന്നാലെ ഇറാൻ്റെ അടുത്ത നേതാവ് ആരായാലും വധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകിയത് മേഖലയിലെ പിരിമുറുക്കം വർദ്ധിപ്പിച്ചിട്ടുണ്ട്.

ഖമനെയിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിലാകെ യുദ്ധം കനക്കുകയാണ്. അഞ്ചാം ദിവസവും ഇറാൻ്റെ പ്രത്യാക്രമണം തുടരുന്നതോടെ ഗൾഫ് മേഖലയാകെ ആശങ്കയിലാണ്. ദുബായിലെ യുഎസ് കോൺസുലേറ്റ്, സൗദി അറേബ്യയിലെ സിഐഎ സ്റ്റേഷൻ, വിവിധ യുഎസ് സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊക്കെ ഇന്ന് ഇറാൻ ആക്രമണം നടത്തി.

ഇതിനിടെ കുവൈറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് 11 വയസ്സുകാരി കൊല്ലപ്പെട്ടത് യുദ്ധത്തിൻ്റെ ദാരുണമായ മുഖം വെളിപ്പെടുത്തുന്നു. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം തങ്ങൾക്കാണെന്നും ഇതുവഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നും ഇറാൻ റെവല്യൂഷനറി ഗാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാൻ്റെ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് സൗദിയും ഖത്തറും അറിയിച്ചു കഴിഞ്ഞു. ഇന്ന് മാത്രം നാല് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി പെൻ്റഗൺ സ്ഥിരീകരിച്ചെങ്കിലും, ഇറാന്റെ തിരിച്ചടിക്കാനുള്ള ശേഷി കുറഞ്ഞുവരികയാണെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നത്.

ഇറാനിലെ രണ്ടായിരത്തോളം കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായും നിരവധി കപ്പലുകൾ തകർത്തതായും അമേരിക്കൻ സൈന്യം അറിയിച്ചു. നിലവിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിൽ 181 കുട്ടികളും ഉൾപ്പെടുന്നു. ഇറാന് പുറമെ ലെബനോനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രയേൽ ശക്തമായ ആക്രമണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345593/iran-holds-three-day-public-vigil-to-bid-farewell-to-khamenei)