---
title: "ബബിൾ ടീ പ്രേമികൾ ജാഗ്രതൈ! വൃക്കയിലെ കല്ലുകൾക്കും ഫാറ്റി ലിവറിനും സാധ്യതയെന്ന് പഠനം"
english_title: "Bubble tea can cause kidney stones and fatty liver"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345588/bubble-tea-can-cause-kidney-stones-and-fatty-liver"
published_at: "2026-03-04T16:10:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a80c47e606b_12.jpg"
keywords: []
---

# ബബിൾ ടീ പ്രേമികൾ ജാഗ്രതൈ! വൃക്കയിലെ കല്ലുകൾക്കും ഫാറ്റി ലിവറിനും സാധ്യതയെന്ന് പഠനം

> **Lead Summary:** **[ **യുവതലമുറയുടെ ഇടയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ബബിൾ ടീ (ബോബ ടീ) ആരോഗ്യത്തിന് ഗുരുതരമായ വെല്ലുവിളിയുയർത്തുന്നതായി പുതിയ പഠന റിപ്പോർട്ടുകൾ.

## Article Content

**[ **യുവതലമുറയുടെ ഇടയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ബബിൾ ടീ (ബോബ ടീ) ആരോഗ്യത്തിന് ഗുരുതരമായ വെല്ലുവിളിയുയർത്തുന്നതായി പുതിയ പഠന റിപ്പോർട്ടുകൾ.

പതിവായി ബബിൾ ടീ ഉപയോഗിക്കുന്നത് വൃക്കയിലെ കല്ലുകൾക്കും ഫാറ്റി ലിവറിനും കാരണമാകുമെന്ന് 'ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നൽകുന്നു.

1980-കളിൽ തായ്‌വാനിൽ ഉത്ഭവിച്ച ഈ പാനീയം ഇന്ന് ലോകമെമ്പാടും പ്രശസ്തമാണെങ്കിലും ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുന്നത്. മരച്ചീനി സ്റ്റാർച്ചിൽ നിന്നുണ്ടാക്കുന്ന 'ബോബ' മുത്തുകളാണ് ഈ ചായയിലെ പ്രധാന ആകർഷണം.

എന്നാൽ, ഉണങ്ങിയ ഒരു കപ്പ് ബോബ മുത്തുകളിൽ മാത്രം 544 കലോറി അടങ്ങിയിട്ടുണ്ടെന്ന് യുഎസ്ഡിഎ ഡാറ്റ വ്യക്തമാക്കുന്നു. പോഷകമൂല്യം വളരെ കുറവായ ഇത്തരം ഭക്ഷണങ്ങൾ അമിതമായി ഉപയോഗിക്കുന്നത് മലബന്ധം വർദ്ധിപ്പിക്കാനും പൊണ്ണത്തടിക്കും കാരണമാകും.

ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പഞ്ചസാര പല്ല് ക്ഷയത്തിനും ടൈപ്പ് 2 പ്രമേഹത്തിനും വഴിതെളിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് വർദ്ധിപ്പിക്കുന്നതിലൂടെ കരളിൽ കൊഴുപ്പ് അടിയുന്നതും ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുന്നു.

ചെറിയ കുട്ടികൾ സ്‌ട്രോ വഴി ഈ പാനീയം കുടിക്കുമ്പോൾ ബോബ മുത്തുകൾ തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ബബിൾ ടീയിലെ ഓക്സലേറ്റ്, ഫോസ്ഫേറ്റ് എന്നിവയുടെ സാന്നിധ്യമാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ ഇടയാക്കുന്നത്.

ശാരീരിക പ്രശ്നങ്ങൾക്ക് പുറമെ, ബബിൾ ടീയുടെ പതിവായ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും അമിത ഉത്കണ്ഠ, വിഷാദം, ക്ഷീണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ വെളിപ്പെടുത്തുന്നു.

രുചിക്ക് പിന്നാലെ പോകുമ്പോൾ ആരോഗ്യപരമായ മുൻകരുതലുകൾ അനിവാര്യമാണെന്നാണ് ഈ പഠനം ഓർമ്മിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345588/bubble-tea-can-cause-kidney-stones-and-fatty-liver)