---
title: "'വേഗത കുറയ്ക്കാൻ പറഞ്ഞു, കാർ തിരിച്ചു കൊണ്ടുവന്ന് യുവാക്കളുടെ മേലേക്ക് ഓടിച്ചുകയറ്റി'; കർണാടകയിൽ 22-കാരന് ദാരുണാന്ത്യം"
english_title: "22-year-old man dies after driving car into youth in Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345470/22-year-old-man-dies-after-driving-car-into-youth-in-karnataka"
published_at: "2026-03-04T09:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7b2f11326c_22-year-old_man_dies_after_driving_car_into_youth_in_Karnataka.jpg"
keywords: []
---

# 'വേഗത കുറയ്ക്കാൻ പറഞ്ഞു, കാർ തിരിച്ചു കൊണ്ടുവന്ന് യുവാക്കളുടെ മേലേക്ക് ഓടിച്ചുകയറ്റി'; കർണാടകയിൽ 22-കാരന് ദാരുണാന്ത്യം

> **Lead Summary:** ഹോളേനരസിപുര: അമിതവേഗത്തിൽ പാഞ്ഞ ആഡംബര കാർ തടഞ്ഞ് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ട വഴിയാത്രക്കാരെ ബോധപൂർവ്വം ഇടിച്ചുവീഴ്ത്തി ഡ്രൈവറുടെ ക്രൂരത. കർണാടകയിലെ ഹോളേനരസിപുര ടൗൺ മുനിസിപ്പാലിറ്റി പരിധിയിലുള്ള സൂരനഹള്ളിക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രമണത്തിൽ 22 വയസ്സുകാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ചീറിപ്പാഞ്ഞ് പോയ കാർ തിരിച്ചെത്തി റോഡരികിൽ നിന്നവരുടെ മേലേയ്ക്ക് ഡ്രൈവർ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു.

## Article Content

ഹോളേനരസിപുര: അമിതവേഗത്തിൽ പാഞ്ഞ ആഡംബര കാർ തടഞ്ഞ് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ട വഴിയാത്രക്കാരെ ബോധപൂർവ്വം ഇടിച്ചുവീഴ്ത്തി ഡ്രൈവറുടെ ക്രൂരത. കർണാടകയിലെ ഹോളേനരസിപുര ടൗൺ മുനിസിപ്പാലിറ്റി പരിധിയിലുള്ള സൂരനഹള്ളിക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രമണത്തിൽ 22 വയസ്സുകാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ചീറിപ്പാഞ്ഞ് പോയ കാർ തിരിച്ചെത്തി റോഡരികിൽ നിന്നവരുടെ മേലേയ്ക്ക് ഡ്രൈവർ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു.

ഹാസൻ ആർടിഒയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത ടൊയോറ്റ ഫോർച്യൂണറിലെത്തിയ യുവാവാണ് വഴിയരികിൽ നിന്ന യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തിൽ മനു എന്ന 22കാരൻ തൽക്ഷണം കൊല്ലപ്പെടുകയായിരുന്നു. സൂരനഹള്ളി സ്വദേശികളായ മനു, അഭിഷേക്, രാകേഷ്, കുശാൽ എന്നിവർ ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ റോഡരികിൽ നിന്ന് സംസാരിക്കുന്നതിനിടെയാണ് KA 01 MF 2883 എന്ന നമ്പറിലുള്ള കാർ അതിവേഗത്തിൽ പാഞ്ഞുവന്നത്. ഇത് കണ്ട മനുവും സുഹൃത്തുക്കളും ഡ്രൈവറോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ യുവാക്കൾ ഉപദേശിച്ചത് ഡ്രൈവർക്ക് ഇഷ്ടപ്പെട്ടില്ല. കുറച്ചുദൂരം മുന്നോട്ട് പോയ ശേഷം കാർ തിരിച്ച് അതിവേഗത്തിൽ വന്ന് റോഡരികിൽ നിന്ന നാലുപേരുടെയും മുകളിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മനു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന അഭിഷേക്, രാകേഷ്, കുശാൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ഹാസനിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടമുണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഡ്രൈവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345470/22-year-old-man-dies-after-driving-car-into-youth-in-karnataka)