---
title: "സെമിയിൽ ഇന്ത്യ അടിമുടി മാറുമോ? അഭിഷേകിന് പകരം ഇഷാൻ കിഷൻ ഓപ്പണറാവണമെന്ന് രവി ശാസ്ത്രി"
english_title: "Ravi Shastri wants Ishan Kishan to open instead of Abhishek"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345468/ravi-shastri-wants-ishan-kishan-to-open-instead-of-abhishek"
published_at: "2026-03-04T09:23:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7ad3f6b9f7_1.jpg"
keywords: []
---

# സെമിയിൽ ഇന്ത്യ അടിമുടി മാറുമോ? അഭിഷേകിന് പകരം ഇഷാൻ കിഷൻ ഓപ്പണറാവണമെന്ന് രവി ശാസ്ത്രി

> **Lead Summary:** **മുംബൈ: [ **ടി20 ലോകകപ്പിലെ നിർണ്ണായകമായ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുമ്പോൾ, ടീമിന്റെ ഓപ്പണിങ് സഖ്യത്തിൽ മാറ്റം വേണമെന്ന നിർദ്ദേശവുമായി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി രംഗത്തെത്തിയിരിക്കുകയാണ്.

## Article Content

**മുംബൈ: [ **ടി20 ലോകകപ്പിലെ നിർണ്ണായകമായ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുമ്പോൾ, ടീമിന്റെ ഓപ്പണിങ് സഖ്യത്തിൽ മാറ്റം വേണമെന്ന നിർദ്ദേശവുമായി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി രംഗത്തെത്തിയിരിക്കുകയാണ്.

നിലവിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന യുവതാരം അഭിഷേക് ശർമ്മയ്ക്ക് പകരം ഇഷാൻ കിഷനെ ഓപ്പണറായി പരീക്ഷിക്കണമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന പോരാട്ടത്തിൽ ടീം കോമ്പിനേഷൻ കൃത്യമായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഈ ലോകകപ്പിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ അഭിഷേക് ശർമ്മയ്ക്ക് സാധിച്ചിട്ടില്ല. കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് വെറും 13.3 ശരാശരിയിൽ 80 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇതിൽ മൂന്ന് തവണ പൂജ്യത്തിന് പുറത്തായതും കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനവും താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടാകാമെന്ന് ശാസ്ത്രി നിരീക്ഷിക്കുന്നു.

നെറ്റ്സിലെ പ്രകടനം കൂടി വിലയിരുത്തി അഭിഷേക് മാനസികമായി തളർന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഇഷാൻ കിഷനെ ഓപ്പണറാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെയെങ്കിൽ സഞ്ജു സാംസണിനൊപ്പം ഇഷാൻ ഇന്നിങ്സ് ഓപ്പൺ ചെയ്യണമെന്നും മധ്യനിരയിൽ റിങ്കു സിംഗിനെ ഉൾപ്പെടുത്തണമെന്നുമാണ് ശാസ്ത്രിയുടെ പക്ഷം.

ടൂർണമെന്റിൽ മികച്ച ഫോമിലുള്ള ഇഷാൻ കിഷൻ ഏഴ് മത്സരങ്ങളിൽ നിന്നായി 185 സ്ട്രൈക്ക് റേറ്റിൽ 224 റൺസ് നേടിയിട്ടുണ്ട്. നമീബിയക്കെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി താരം നടത്തിയ വെടിക്കെട്ട് പ്രകടനം ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, അഭിഷേക് ശർമ്മയ്ക്ക് പിന്തുണയുമായി മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്. സെമി ഫൈനലിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അഭിഷേകിന് സാധിക്കുമെന്നും, സമ്മർദ്ദം കുറയ്ക്കാൻ താരം പരിശീലനത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത് ഫ്രഷ് ആയി തിരിച്ചെത്തണമെന്നുമാണ് പോണ്ടിംഗ് ഉപദേശിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345468/ravi-shastri-wants-ishan-kishan-to-open-instead-of-abhishek)