---
title: "മടക്കയാത്ര സുഗമമാക്കാൻ നടപടി; ഗൾഫിൽ നിന്ന് വിമാന സർവീസുകൾ വർധിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾ"
english_title: "Indian companies to increase flight services from Gulf"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345440/indian-companies-to-increase-flight-services-from-gulf"
published_at: "2026-03-03T23:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a71b58917b7_25.jpg"
keywords: []
---

# മടക്കയാത്ര സുഗമമാക്കാൻ നടപടി; ഗൾഫിൽ നിന്ന് വിമാന സർവീസുകൾ വർധിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾ

> **Lead Summary:** **ഗ**ൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനായി വിമാന സർവീസുകൾ വർധിപ്പിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ തീരുമാനിച്ചു.

## Article Content

**ഗ**ൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനായി വിമാന സർവീസുകൾ വർധിപ്പിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി നാളെ മിഡിൽ ഈസ്റ്റിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമായി 58 സർവീസുകൾ നടത്തും. ഇൻഡിഗോ 30 സർവീസുകളും, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 28 സർവീസുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ജിദ്ദ, മസ്‌കത്ത്, യുഎഇ എന്നിവിടങ്ങളിൽ നിന്നാകും പ്രധാനമായും സർവീസുകൾ നടക്കുക. മസ്‌കത്തിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗലാപുരം എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നാളെ സർവീസ് ആരംഭിക്കുന്നതിനൊപ്പം അധിക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ടിക്കറ്റെടുത്ത യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകുമെന്നും വിമാനക്കമ്പനികളിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം മാത്രം വിമാനത്താവളങ്ങളിലേക്ക് പുറപ്പെട്ടാൽ മതിയെന്നും അധികൃതർ നിർദ്ദേശിച്ചു. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ഇന്ത്യൻ കമ്പനികൾ 1221 സർവീസുകളും അന്താരാഷ്ട്ര കമ്പനികൾ 388 സർവീസുകളും റദ്ദാക്കേണ്ടി വന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345440/indian-companies-to-increase-flight-services-from-gulf)