---
title: "ഇറാൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇസ്രയേൽ"
english_title: "Israel says missile strike destroyed Iranian president's official office"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345420/israel-says-missile-strike-destroyed-iranian-presidents-official-office"
published_at: "2026-03-03T20:26:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6f6c1d0ed3_israel.jpg"
keywords: []
---

# ഇറാൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇസ്രയേൽ

> **Lead Summary:** **ടെഹ്‌റാൻ: ( **[www.truevisionnews.com]** ) **ഇറാനെതിരായ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണം നാലാം ദിവസത്തിലേക്ക് കടക്കവെ ടെഹ്റാനിലെ പ്രസിഡൻഷ്യൽ കോംപ്ലക്‌സും സുരക്ഷാ കൗൺസിൽ കെട്ടിടവും ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കേന്ദ്രങ്ങളിൽ തങ്ങളുടെ വ്യോമസേന ആക്രമണം നടത്തിയതായി ഇസ്രയേൽ. ഇറാനിയൻ ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട കോംപ്ലക്‌സാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.

## Article Content

**ടെഹ്‌റാൻ: ( **[www.truevisionnews.com]** ) **ഇറാനെതിരായ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണം നാലാം ദിവസത്തിലേക്ക് കടക്കവെ ടെഹ്റാനിലെ പ്രസിഡൻഷ്യൽ കോംപ്ലക്‌സും സുരക്ഷാ കൗൺസിൽ കെട്ടിടവും ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കേന്ദ്രങ്ങളിൽ തങ്ങളുടെ വ്യോമസേന ആക്രമണം നടത്തിയതായി ഇസ്രയേൽ. ഇറാനിയൻ ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട കോംപ്ലക്‌സാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.

ഇറാന്റെ ഏറ്റവും തന്ത്രപ്രധാനമായ ഇടങ്ങളിലാണ് രാത്രി ഇസ്രയേൽ വ്യോമസേനയുടെ ആക്രമണമുണ്ടായത്. രാജ്യത്തെ ഏറ്റവും കനത്ത സുരക്ഷയുള്ള സ്ഥലങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇവിടം. ശനിയാഴ്ചയാണ് യുഎസും ഇസ്രയേലും സംയുക്തമായി ഇറാനെതിരായ ആക്രമണം ആരംഭിച്ചത്.

പിന്നാലെ ഇസ്രയേലിനെയും യുഎസ് സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ തിരിച്ച് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിയിൽ രണ്ട് ഇറാനിയൻ ഡ്രോണുകൾ പതിക്കുകയും അവിടെ തീപിടുത്തമുണ്ടാകുകയും ചെയ്തു.

അതേസമയം, ലെബനനിലെ ഹിസ്ബുള്ളയുടെ ഇടപെടലും ഇസ്രയേലിന്റെ കരസേനാ നീക്കങ്ങളും മേഖലയിലെ സാഹചര്യം കൂടുതൽ വഷളാക്കിയിട്ടുണ്ട്. ടെഹ്റാനിലെ സുരക്ഷാസാഹചര്യം കണക്കിലെടുത്ത് അവിടുത്തെ ഇന്ത്യൻ എംബസി മിക്ക ഇന്ത്യൻ വിദ്യാർഥികളെയും തലസ്ഥാനത്തുനിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അവർക്കായി താമസം, ഭക്ഷണം, ഗതാഗതം എന്നിവ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഹിസ്ബുള്ള രണ്ടാമത്തെ ദിവസവും ഇസ്രയേലിന് നേരേ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതിനെ പ്രതിരോധിക്കാൻ ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിലേക്ക് പ്രവേശിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ലെബനനിൽ 52 പേർ കൊല്ലപ്പെടുകയും 150-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345420/israel-says-missile-strike-destroyed-iranian-presidents-official-office)