---
title: "‘വളരെ വൈകിപ്പോയി’; ചർച്ചക്കുള്ള സമയം കഴിഞ്ഞുപോയെന്ന് ട്രംപ്, പിശാചിനോട് പോരാട്ടം തുടരുമെന്ന് ഇറാനും "
english_title: "US President Donald Trump has ruled out talks with Iran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345419/us-president-donald-trump-has-ruled-out-talks-with-iran"
published_at: "2026-03-03T20:12:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6f3dfc0f31_donald_trumph.jpg"
keywords: []
---

# ‘വളരെ വൈകിപ്പോയി’; ചർച്ചക്കുള്ള സമയം കഴിഞ്ഞുപോയെന്ന് ട്രംപ്, പിശാചിനോട് പോരാട്ടം തുടരുമെന്ന് ഇറാനും 

> **Lead Summary:** **( **[www.truevisionnews.com]** )**അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ അതിനുള്ള സമയം ഒരുപാട് വൈകിയെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നടപടി നാലാം ദിനത്തിലേക്ക് കടന്ന വേളയിലാണ് ഇറാൻ ചർച്ചയ്ക്ക് ആഗ്രഹിക്കുന്നുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്തെത്തിയത്.

## Article Content

**( **[www.truevisionnews.com]** )**അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ അതിനുള്ള സമയം ഒരുപാട് വൈകിയെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നടപടി നാലാം ദിനത്തിലേക്ക് കടന്ന വേളയിലാണ് ഇറാൻ ചർച്ചയ്ക്ക് ആഗ്രഹിക്കുന്നുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്തെത്തിയത്.

'ഇറാന്റെ പ്രതിരോധശേഷിയേയും നേതൃത്വത്തേയും യുഎസ് നശിപ്പിച്ചു. അവരുടെ വ്യോമപ്രതിരോധം, വ്യോമസേന, നാവികസേന, നേതൃത്വം എല്ലാം ഇല്ലാതെയായി. അവർ ചർച്ചയ്ക്ക് ആഗ്രഹിക്കുന്നു. അതിന് ഒരുപാട് വൈകിയെന്നാണ് എനിക്ക് പറയാനുള്ളത്’, ട്രംപ് പറഞ്ഞു.

ഇസ്രയേൽ-യുഎസ് സംയുക്തമായി ഇറാനെതിരേ തിരിഞ്ഞപ്പോൾ, ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളും എണ്ണശുദ്ധീകരണ ശാലകളും ഇറാൻ ലക്ഷ്യം വെച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിൽ ഇക്കാര്യം കുറിച്ചത്.

> രാജ്യത്തിനെതിരെ യുദ്ധം രൂക്ഷമാകുമ്പോഴും സർക്കാർ പ്രവർത്തനക്ഷമമായി തുടരുന്നുവെന്ന് ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ പറഞ്ഞു. പ്രവിശ്യാ നേതൃത്വവുമായി അധികാരികൾ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് എക്‌സിൽ പെസെഷ്കിയൻ പറഞ്ഞു. “ഗവർണർമാരുമായി ഞങ്ങൾ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സാഹചര്യം അസാധാരണമാണ്, പക്ഷേ പ്രവർത്തനങ്ങൾ നിലച്ചിട്ടില്ല,” അദ്ദേഹം എഴുതി.

അതേസമയം ഇറാനിൽ കടുപ്പമേറിയത് വരാനിരിക്കുന്നെന്ന് അമേരിക്കയും പിശാചിനോട് പോരാട്ടം തുടരുമെന്ന് ഇറാനും നിലപാട് കടുപ്പിച്ചു. നാല് ദിവസത്തെ ആക്രമണത്തിൽ 787 പേർ കൊല്ലപ്പെട്ടെന്ന് റെഡ് ക്രസന്റ് അറിയിച്ചു. ഹിസ്ബുല്ല- ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായ ലബനോണിൽ കൂട്ടപ്പലായനം തുടരുകയാണ്.

ഇന്ന് ഇറാനിലെ ഭരണ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം. പ്രസിഡന്റിന്റെ ഓഫീസ് ഉൾപ്പെടെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധ സേന. അഞ്ഞൂറിലേറെ ഇടങ്ങളിലായി ആയിരത്തിലധികം ആക്രമണങ്ങളാണ് നാല് ദിവസത്തിനിടെ ഉണ്ടായതെന്ന് റെഡ് ക്രസന്റ് അറിയിച്ചു. മിനീബിൽ കൊല്ലപ്പെട്ട സ്കൂൾ വിദ്യാർഥികളുടെ സംസ്കാര ചടങ്ങിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345419/us-president-donald-trump-has-ruled-out-talks-with-iran)