---
title: "ദക്ഷിണാഫ്രിക്കയോ ന്യൂസിലൻഡോ? ആദ്യ സെമി ഫൈനൽ നാളെ; മഴ കളി മുടക്കിയാൽ ഭാഗ്യം തുണയ്ക്കുക ഈ ടീമിനെ!"
english_title: "The first semi-final is tomorrow."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345397/the-first-semi-final-is-tomorrow"
published_at: "2026-03-03T16:30:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6bf90d29a5_31.jpg"
keywords: []
---

# ദക്ഷിണാഫ്രിക്കയോ ന്യൂസിലൻഡോ? ആദ്യ സെമി ഫൈനൽ നാളെ; മഴ കളി മുടക്കിയാൽ ഭാഗ്യം തുണയ്ക്കുക ഈ ടീമിനെ!

> **Lead Summary:** **കൊൽക്കത്ത: [ **ടി20 ലോകകപ്പിന്റെ ആവേശകരമായ ആദ്യ സെമി ഫൈനലിൽ നാളെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും നേർക്കുനേർ വരികയാണ്.

## Article Content

**കൊൽക്കത്ത: [ **ടി20 ലോകകപ്പിന്റെ ആവേശകരമായ ആദ്യ സെമി ഫൈനലിൽ നാളെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും നേർക്കുനേർ വരികയാണ്.

ടൂർണമെന്റിലുടനീളം തോൽവി അറിയാതെ മുന്നേറുന്ന ദക്ഷിണാഫ്രിക്ക, സൂപ്പർ 8 ഘട്ടത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് സെമിയിൽ പകരം വീട്ടാനുറച്ചാണ് കെയ്ൻ വില്യംസണും സംഘവും വരുന്നത്.

നിലവിലെ കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം കൊൽക്കത്തയിൽ ബുധനാഴ്ച മഴയ്ക്ക് സാധ്യത കുറവാണെന്നത് ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എങ്കിലും, നിർണ്ണായകമായ ഈ മത്സരത്തിൽ മഴ വില്ലനായാൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ഐസിസിക്ക് വ്യക്തമായ നിയമങ്ങളുണ്ട്.

സെമി ഫൈനലിനും ഫൈനലിനും പ്രത്യേകമായി റിസർവ് ദിനം അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ച നിശ്ചിത സമയത്ത് കളി നടന്നില്ലെങ്കിൽ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് മത്സരം പൂർത്തിയാക്കാൻ ശ്രമിക്കും.

എന്നിട്ടും ഫലമുണ്ടായില്ലെങ്കിൽ മത്സരം തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ചത്തേക്ക് മാറ്റും. ബുധനാഴ്ച കളി എവിടെയാണോ നിർത്തിയത്, അവിടെ നിന്നുതന്നെ വ്യാഴാഴ്ച പുനരാരംഭിക്കാനാണ് തീരുമാനം. എന്നാൽ റിസർവ് ദിനത്തിലും കളി നടത്താൻ സാധിക്കാത്ത വിധം മഴ തുടരുകയാണെങ്കിൽ വിജയികളെ തീരുമാനിക്കാൻ സൂപ്പർ ഓവറോ ടോസോ ഉണ്ടാകില്ല എന്നതാണ് ശ്രദ്ധേയം.

അത്തരമൊരു സാഹചര്യത്തിൽ സൂപ്പർ 8 ഘട്ടത്തിലെ പ്രകടനമാകും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. സൂപ്പർ 8 ഘട്ടത്തിൽ ഗ്രൂപ്പ് 1-ൽ മൂന്ന് മത്സരങ്ങളും ജയിച്ച് 6 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്.

എന്നാൽ ന്യൂസിലൻഡ് ഗ്രൂപ്പ് 2-ൽ 3 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്. അതിനാൽ മത്സരം പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നാൽ ദക്ഷിണാഫ്രിക്ക നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345397/the-first-semi-final-is-tomorrow)