---
title: "'കുഞ്ഞുമാലാഖമാരേ'....ഇറാനിൽ സ്‌കൂളിൽ കൊല്ലപ്പെട്ട 160-ലേറെ കുരുന്നുകൾക്ക് കൂട്ടസംസ്‌കാരം; കബറുകളുടെ ചിത്രവുമായി മന്ത്രി"
english_title: " iran mass burial schoolgirls us srael airstrike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345396/iran-mass-burial-schoolgirls-us-srael-airstrike"
published_at: "2026-03-03T16:28:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6bef97ff46_khabar.jpg"
keywords: []
---

# 'കുഞ്ഞുമാലാഖമാരേ'....ഇറാനിൽ സ്‌കൂളിൽ കൊല്ലപ്പെട്ട 160-ലേറെ കുരുന്നുകൾക്ക് കൂട്ടസംസ്‌കാരം; കബറുകളുടെ ചിത്രവുമായി മന്ത്രി

> **Lead Summary:** ** ** അമേരിക്കയുടേയും ഇസ്രായേലിന്റേയും യുദ്ധക്കൊതിയിൽ ജീവൻ പൊലിയുന്നത് സാധാരണക്കാരായ മനുഷ്യരുടേതാണ്. ഇറാനിൽ ഏകപക്ഷീയമായി തുടങ്ങിയ ആക്രമണത്തിൽ അവർ ആദ്യം ഉന്നംവെച്ചത് പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന പ്രൈമറി സ്കൂളിനെയായിരുന്നു. യുദ്ധത്തെക്കുറിച്ച് ഒന്നുമറിയാത്ത, നിഷ്‍കളങ്കരായ 165 പിഞ്ചോമനകളുടെ ജീവനാണ് ക്രൂരമായ യുദ്ധക്കൊതിയിൽ പൊലിഞ്ഞുപോയത്.

## Article Content

** ** അമേരിക്കയുടേയും ഇസ്രായേലിന്റേയും യുദ്ധക്കൊതിയിൽ ജീവൻ പൊലിയുന്നത് സാധാരണക്കാരായ മനുഷ്യരുടേതാണ്. ഇറാനിൽ ഏകപക്ഷീയമായി തുടങ്ങിയ ആക്രമണത്തിൽ അവർ ആദ്യം ഉന്നംവെച്ചത് പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന പ്രൈമറി സ്കൂളിനെയായിരുന്നു. യുദ്ധത്തെക്കുറിച്ച് ഒന്നുമറിയാത്ത, നിഷ്‍കളങ്കരായ 165 പിഞ്ചോമനകളുടെ ജീവനാണ് ക്രൂരമായ യുദ്ധക്കൊതിയിൽ പൊലിഞ്ഞുപോയത്.

അമേരിക്കയും ഇസ്രായേലും ചേർന്ന് ദയരഹിതമായി മിനാബിലെ സ്കൂളിനുനേരെ നടത്തിയ ബോംബാക്രമണം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ആ പിഞ്ചുമക്കളുടെ ഖബറടക്കത്തിനായി നീണ്ടുകിടക്കുന്ന കുഞ്ഞുകുഴിമാടങ്ങളുടെ ചിത്രം കാഴ്ചക്കാരെ കണ്ണീരണിയിക്കുകയാണിപ്പോൾ.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി എക്‌സിൽ പങ്കുവെച്ച ചിത്രമാണ് യുദ്ധത്തിന്റെ ബാക്കിപത്രമായി പങ്കുവെക്കപ്പെടുന്നത്. ശൂന്യമായ ഭൂമിയിൽ പുതുതായി കുഴിച്ചെടുക്കുന്ന നൂറിലധികം കുഴിമാടങ്ങളുടെ നീണ്ട നിരകൾ കാണാം. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്താൽ ഒരുക്കിയ ഖബറുകൾക്കു പുറമെ ബാക്കിയുള്ള ഖബറുകൾ കുഴിക്കാനായി അടയാളപ്പെടുത്തിയ സ്ഥലവും ചേർന്ന് ലോകത്തെ നൊമ്പരത്തിലാഴ്ത്തുന്ന കണ്ണീർചിത്രമായി അത് മാറുകയാണ്.

'യുഎസ്-ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട പ്രൈമറി സ്കൂളിലെ 160ലധികം നിരപരാധികളായ പെൺകുട്ടികൾക്കായി കുഴിക്കുന്ന കുഴിമാടങ്ങളാണിത്. അവരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറപെട്ടു. ഇതാണ് യഥാർഥത്തിൽ മിസ്റ്റർ ട്രംപ് ഉറപ്പു നൽകിയ സംരക്ഷണം. ഗാസ മുതൽ മിനാബ് വരെ, നിരപരാധികൾ ക്രൂരമായി കൊല്ലപ്പെട്ടു' -അബ്ബാസ് അരഗ്ചി എക്‌സിൽ കുറിച്ചു.

‘കുഞ്ഞു മാലാഖമാർക്കുള്ള ചെറു ഖബറുകൾ’ എന്നും ‘സ്വർഗത്തിൽ അവർ അരികിലായിരിക്കട്ടെ’യെന്നും ഇന്ത്യയിലുള്ള ഇറാൻ മിഷൻ പോസ്റ്റിൽ വേദന പങ്കുവെച്ചു. ഇറാൻ സർക്കാർ വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ യുടെ റിപ്പോർട്ട് പ്രകാരം ആക്രമണത്തിൽ പ്രദേശത്തെ 96 പേർക്ക് പരിക്കേറ്റതായി പറയുന്നുണ്ട്. കണക്കുകൾ പൂർണമായി സ്ഥിരീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345396/iran-mass-burial-schoolgirls-us-srael-airstrike)