---
title: "സ്വാദും മണവും മാറ്റമില്ലാതെ മാസങ്ങളോളം നിൽക്കും; സിമ്പിൾ ആൻഡ് ടേസ്റ്റി മീൻ അച്ചാർ തയ്യാറാക്കിയാലോ"
english_title: "How about preparing a simple and tasty fish pickle?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345392/how-about-preparing-a-simple-and-tasty-fish-pickle"
published_at: "2026-03-03T15:56:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6b90287757_14.jpg"
keywords: []
---

# സ്വാദും മണവും മാറ്റമില്ലാതെ മാസങ്ങളോളം നിൽക്കും; സിമ്പിൾ ആൻഡ് ടേസ്റ്റി മീൻ അച്ചാർ തയ്യാറാക്കിയാലോ

> **Lead Summary:** **ചൂ**ട് ചോറിനൊപ്പമോ ബിരിയാണിക്കൊപ്പമോ കഴിക്കാൻ ഏറ്റവും മികച്ച ഒന്നാണ് മീൻ അച്ചാർ. ശരിയായ രീതിയിൽ തയ്യാറാക്കിയാൽ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഈ വിഭവം, മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്ന മലയാളികളുടെ പ്രിയപ്പെട്ട ഒന്നാണ്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഫിഷ് പിക്കിൾ റെസിപ്പി നോക്കാം.

## Article Content

**ചൂ**ട് ചോറിനൊപ്പമോ ബിരിയാണിക്കൊപ്പമോ കഴിക്കാൻ ഏറ്റവും മികച്ച ഒന്നാണ് മീൻ അച്ചാർ. ശരിയായ രീതിയിൽ തയ്യാറാക്കിയാൽ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഈ വിഭവം, മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്ന മലയാളികളുടെ പ്രിയപ്പെട്ട ഒന്നാണ്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഫിഷ് പിക്കിൾ റെസിപ്പി നോക്കാം.

**ചേരുവകൾ**

*മീൻ (മുള്ളില്ലാത്തത്) - 500 ഗ്രാം*

*നല്ലെണ്ണ - ആവശ്യത്തിന്*

*ഇഞ്ചി, വെളുത്തുള്ളി - 3 വലിയ സ്പൂൺ വീതം*

*പച്ചമുളക് - 4-5 എണ്ണം*

*കറിവേപ്പില - ആവശ്യത്തിന്*

*മുളക് പൊടി - 3 വലിയ സ്പൂൺ*

*മഞ്ഞൾ പൊടി - 1 ടീസ്പൂൺ*

*ഉലുവാ പൊടി - അര ടീസ്പൂൺ*

*കായം പൊടി - അര ടീസ്പൂൺ*

*വിനാഗിരി - അര കപ്പ്*

*ഉപ്പ് - പാകത്തിന്*

**തയ്യാറാക്കുന്ന വിധം**

ആദ്യമായി കഴുകി വൃത്തിയാക്കിയ മീൻ കഷണങ്ങളിൽ അല്പം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പുരട്ടി അരമണിക്കൂർ വെക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് മീൻ കഷണങ്ങൾ കരിയുന്നതിനു മുൻപ് നന്നായി വറുത്തെടുത്ത് മാറ്റി വെക്കണം. അതേ എണ്ണയിൽ തന്നെ കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

തീ കുറച്ചതിനുശേഷം ഇതിലേക്ക് ബാക്കി മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. മസാല മൂത്തു വരുമ്പോൾ വിനാഗിരിയും ആവശ്യത്തിന് ഉപ്പും അല്പം തിളപ്പിച്ചാറിയ വെള്ളവും ചേർത്ത് തിളപ്പിക്കുക.

ചാറ് നന്നായി കുറുകി വരുമ്പോൾ വറുത്തു വെച്ചിരിക്കുന്ന മീൻ കഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ചൂടാറിയ ശേഷം ഉപ്പും പുളിയും പാകമാണെന്ന് ഉറപ്പുവരുത്തി വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345392/how-about-preparing-a-simple-and-tasty-fish-pickle)