---
title: "'ആമിറിന് 'കണ്ണുകടി'; വിൻഡീസിനെതിരായ ഇന്ത്യയുടെ വിജയത്തിൽ വിക്കറ്റ് വിവാദവുമായി പാക് മുൻ താരം"
english_title: "Former Pakistan player gets into a wicket controversy during India's win"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345120/former-pakistan-player-gets-into-a-wicket-controversy-during-indias-win"
published_at: "2026-03-02T13:06:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a53eafd47f4_news12.jpg"
keywords: []
---

# 'ആമിറിന് 'കണ്ണുകടി'; വിൻഡീസിനെതിരായ ഇന്ത്യയുടെ വിജയത്തിൽ വിക്കറ്റ് വിവാദവുമായി പാക് മുൻ താരം

> **Lead Summary:** **കൊൽക്കത്ത: [ **ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ വിവാദ പരാമർശവുമായി മുൻ പാകിസ്ഥാൻ താരം മുഹമ്മദ് ആമിർ രംഗത്തെത്തി.

## Article Content

**കൊൽക്കത്ത: [ **ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ വിവാദ പരാമർശവുമായി മുൻ പാകിസ്ഥാൻ താരം മുഹമ്മദ് ആമിർ രംഗത്തെത്തി.

ഷിമ്രോൺ ഹെറ്റ്‌മെയറുടെ വിക്കറ്റ് സംശയാസ്പദമാണെന്നും അത് ഔട്ടല്ലായിരുന്നു എന്നുമാണ് ഒരു പാക് ടിവി ചാനലിലെ ചർച്ചയ്ക്കിടെ ആമിർ വാദിച്ചത്. ജസ്പ്രീത് ബുമ്രയുടെ പന്തിൽ സഞ്ജു സാംസൺ ക്യാച്ചെടുത്ത ഹെറ്റ്‌മെയർ പുറത്തായില്ലായിരുന്നുവെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് തന്നെ പുറത്താകുമായിരുന്നുവെന്നും ആമിർ വിചിത്രമായി അവകാശപ്പെട്ടു.

അൾട്രാ എഡ്ജ് പരിശോധനയിൽ പന്ത് ബാറ്റിൽ തട്ടിയെന്ന് വ്യക്തമായതോടെ തേർഡ് അംപയർ ശരിവെച്ച ഔട്ടിനെയാണ് ആമിർ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. ഇന്ത്യ സെമിയിലെത്തിയെങ്കിലും അവർ മികച്ച ക്രിക്കറ്റല്ല കളിക്കുന്നതെന്നും കിരീടം നേടാൻ സാധ്യതയില്ലെന്നും ആമിർ പരിഹസിച്ചു.

ബുമ്രയൊഴികെയുള്ള ബൗളർമാർ റണ്ണുകൾ വിട്ടുകൊടുക്കുന്നുണ്ടെന്നും ഫീൽഡിങ്ങിൽ ഇന്ത്യ അമിതമായി പിഴവുകൾ വരുത്തുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ, ടൂർണമെന്റിന് മുൻപ് ഇന്ത്യ സെമിയിലെത്തില്ലെന്ന് താൻ നടത്തിയ പ്രവചനം പാളിയതിന്റെ നിരാശയിലാണ് ആമിർ ഇത്തരം വിഡ്ഢിത്തങ്ങൾ പറയുന്നതെന്ന് ഇന്ത്യൻ ആരാധകർ സോഷ്യൽ മീഡിയയിൽ തിരിച്ചടിച്ചു.

തെളിവുകൾ സഹിതം അംപയർ വിധിച്ച ഔട്ടിനെ സംശയിക്കുന്ന ആമിറിനെതിരെ കടുത്ത പരിഹാസമാണ് ഉയരുന്നത്. വരാനിരിക്കുന്ന സെമി ഫൈനലിൽ വാംഖഡെ സ്റ്റേഡിയത്തിൽ വെച്ച് കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345120/former-pakistan-player-gets-into-a-wicket-controversy-during-indias-win)