---
title: "'വേദിയിൽ വിളിച്ചിരുത്തി കൂവി വിളി, അതിജീവനത്തിന്റെ വേളകളിൽ പോലും സി പി എം രാഷ്ട്രീയം കലർത്തുകയാണ്'- രമേശ് ചെന്നിത്തല"
english_title: "RameshChennithala responds to the outcry against T Siddique at the township inauguration ceremony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345118/rameshchennithala-responds-to-the-outcry-against-t-siddique-at-the-township-inauguration-ceremony-new-"
published_at: "2026-03-02T12:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a53bc487d96_ramesh_chennithala.jpg"
keywords: []
---

# 'വേദിയിൽ വിളിച്ചിരുത്തി കൂവി വിളി, അതിജീവനത്തിന്റെ വേളകളിൽ പോലും സി പി എം രാഷ്ട്രീയം കലർത്തുകയാണ്'- രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: **വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ധിഖ് എംഎൽഎ സംസാരിക്കവേ സി പി എം പ്രവർത്തകർ കൂവി വിളിച്ച സംഭവത്തിൽ രൂക്ഷമായ പ്രതിഷേധവുമായി രമേശ് ചെന്നിത്തല. ദുരന്തമുഖത്ത് രാപ്പകലില്ലാതെ ജനങ്ങൾക്കൊപ്പം നിന്ന പൊതുപ്രവർത്തകനെ വേദിയിൽ ക്ഷണിച്ചുവരുത്തി അപമാനിച്ചത് ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ധിഖ് എംഎൽഎ സംസാരിക്കവേ സി പി എം പ്രവർത്തകർ കൂവി വിളിച്ച സംഭവത്തിൽ രൂക്ഷമായ പ്രതിഷേധവുമായി രമേശ് ചെന്നിത്തല. ദുരന്തമുഖത്ത് രാപ്പകലില്ലാതെ ജനങ്ങൾക്കൊപ്പം നിന്ന പൊതുപ്രവർത്തകനെ വേദിയിൽ ക്ഷണിച്ചുവരുത്തി അപമാനിച്ചത് ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ കണ്ണും കാതുമായി നിന്ന വ്യക്തിയാണ് ടി. സിദ്ധിഖ്. ആപത്തുഘട്ടത്തിൽ കൂടെ നിന്ന അദ്ദേഹത്തെ ഔദ്യോഗിക വേദിയിൽ സി പി എം പ്രവർത്തകരെക്കൊണ്ട് കൂവിച്ച് അപമാനിച്ചത് അപരിഷ്കൃതത്വമാണ്. അതിജീവനത്തിന്റെ വേളകളിൽ പോലും സി പി എം രാഷ്ട്രീയം കലർത്തുകയാണ്.

ദുരന്തമുഖത്ത് രാഷ്ട്രീയം നോക്കാതെ ഒന്നിച്ചു നിൽക്കുന്നതാണ് മലയാളിയുടെ രീതി. എന്നാൽ സി പി എം ആ അന്തസ്സ് കാണിക്കുന്നില്ല. ഈ നടപടിയെ ജനാധിപത്യ കേരളം ശക്തമായി അപലപിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതിന് തക്കതായ മറുപടി ജനങ്ങൾ നൽകുമെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. ടൗൺഷിപ്പ് പദ്ധതിയെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു.

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിലുണ്ടായ കൂവൽ മനോവിഷമം ഉണ്ടാക്കിയെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞിരുന്നു. കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ട്. ദുരന്തത്തിന് ഇരയായ ഒരാള് പോലും തനിക്കെതിരെ അസ്വസ്ഥതയുടെ ശബ്ദം ഉണ്ടാക്കിയിട്ടില്ലെന്ന് എംഎൽഎ പറഞ്ഞു.

ദുരിതബാധിതരെല്ലാം കയ്യടിക്കുകയാണ് ചെയ്തത്. സി പി എം പ്രവർത്തകരാണ് കൂവി വിളിച്ചത്. ബാക്കിയുള്ളവരുടെ അസ്വസ്ഥത താൻ കണക്കാക്കുന്നില്ല. സർക്കാർ എന്നാൽ എല്ലാവരുടേതുമാണ്. കല്ലിട്ട് പോകുന്നവരെന്ന മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്തത്. ദുരന്ത ഭൂമിയിൽ ഒരു തരത്തിൽ ഉള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും ടി സിദ്ദിഖ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345118/rameshchennithala-responds-to-the-outcry-against-t-siddique-at-the-township-inauguration-ceremony-new-)