---
title: "ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് മോദി, നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ചു; യുഎഇ പ്രസിഡന്റുമായും സംസാരിച്ചു"
english_title: "Israel-US joint attack on Iran, Modi calls Israeli Prime Minister Netanyahu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345018/israel-us-joint-attack-on-iran-modi-calls-israeli-prime-minister-netanyahu-new"
published_at: "2026-03-02T06:30:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a4e176848c8_modi.jpg"
keywords: []
---

# ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് മോദി, നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ചു; യുഎഇ പ്രസിഡന്റുമായും സംസാരിച്ചു

> **Lead Summary:** **ടെഹ്റാൻ: ** പശ്ചിമേഷ്യ കത്തുമ്പോൾ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നേരിട്ട് വിളിച്ച് ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എത്രയും വേ​ഗം സംഘർഷം തീർക്കണം എന്നും മോദി ആവശ്യപ്പെട്ടു.

## Article Content

**ടെഹ്റാൻ: ** പശ്ചിമേഷ്യ കത്തുമ്പോൾ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നേരിട്ട് വിളിച്ച് ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എത്രയും വേ​ഗം സംഘർഷം തീർക്കണം എന്നും മോദി ആവശ്യപ്പെട്ടു.

യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡൻറ് അറിയിച്ചു. ഇന്ത്യ കൂടെ നിൽക്കുന്നതിന് നന്ദിയെന്ന് ഷെയിക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പ്രതികരിച്ചു.

ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെ രണ്ടു രാജ്യങ്ങളും അനുകൂലിക്കുന്നു എന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി. കേന്ദ്ര മന്ത്രിസഭാ സമിതി യോഗം മേഖലയിലെ സ്ഥിതി വിശദമായി വിലയിരുത്തി. അതേ സമയം ഖമനേയിയെ വധിച്ചതിൽ ഇന്ത്യ മൗനം തുടരുകയാണ്.

അതേസമയം പശ്ചിമേഷ്യയെ നടുക്കി അമേരിക്കൻ സൈന്യത്തിന്റെ വൻ പ്രഖ്യാപനം. ഇറാന്റെ കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തു. കഴിഞ്ഞ 47 വർഷമായി ആയിരക്കണക്കിന് അമേരിക്കക്കാരുടെ മരണത്തിന് കാരണക്കാരായവർക്ക് ഇനി ആസ്ഥാനമില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ്.

'പാമ്പിന്‍റെ തല വെട്ടിമാറ്റി' എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും ഐആർജിസിക്ക് ഇപ്പോൾ ആസ്ഥാനമില്ലെന്നും സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ഐആർജിസി, ഇന്‍റലിജൻസ് ആസ്ഥാനം, ഐആർജിസി വ്യോമസേന കമാൻഡ് സെന്‍ററുകൾ, ആഭ്യന്തര സുരക്ഷാ ആസ്ഥാനം എന്നിവയുൾപ്പെടെ ഇറാന്‍റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യവും അവകാശപ്പെട്ടു.

ഈ ആക്രമണങ്ങളിലൂടെ ഇറാന് കനത്ത തിരിച്ചടി നൽകിയെന്നും ഇസ്രയേൽ സേന പറയുന്നു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെ വധിച്ച ശേഷവും യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം ഇറാനിൽ തുടരുകയാണ്. ഞായറാഴ്ച രാത്രിയും ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345018/israel-us-joint-attack-on-iran-modi-calls-israeli-prime-minister-netanyahu-new)