---
title: "'ഡോണൾഡ് ട്രംപ് ഒരു ഭീകരവാദി, ലോകസമാധാനത്തിനായി യുദ്ധം അവസാനിപ്പിക്കണം' - എം.വി. ഗോവിന്ദൻ"
english_title: "Iran's missile-drone attack, MVGovindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/345004/irans-missile-drone-attack-mvgovindan"
published_at: "2026-03-01T20:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a4528e034b6_MV.jpg"
keywords: []
---

# 'ഡോണൾഡ് ട്രംപ് ഒരു ഭീകരവാദി, ലോകസമാധാനത്തിനായി യുദ്ധം അവസാനിപ്പിക്കണം' - എം.വി. ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം : **പശ്ചിമേഷ്യയിൽ രൂപപ്പെട്ടിരിക്കുന്നത് അതീവ ഗുരുതരമായ സാഹചര്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോകസമാധാനത്തിനായി യുദ്ധം അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം : **പശ്ചിമേഷ്യയിൽ രൂപപ്പെട്ടിരിക്കുന്നത് അതീവ ഗുരുതരമായ സാഹചര്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോകസമാധാനത്തിനായി യുദ്ധം അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ലോകത്തെയാകെ യുദ്ധത്തിലേക്ക്‌ നയിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങൾക്ക് എതിരെ സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. ഇന്നും നാളെയും യുദ്ധവിരുദ്ധ റാലികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ലോകം കത്തിക്കാൻ അമേരിക്കൻ സാമ്രാജ്യത്വം പദ്ധതി തയ്യാറാക്കി നടപ്പാക്കുകയാണെന്നും ധാർഷ്ട്യം നിറഞ്ഞ സാമ്രാജ്യത്വം ട്രംപ് മുഖേനെ ലോകമെമ്പാടും നടപ്പാക്കാൻ നോക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇസ്രയേലിനെ ഉപയോഗിച്ചാണ് അമേരിക്ക ഇറാനെ കടന്നാക്രമിക്കുന്നത്. സമാധാനത്തിൻ്റെ പേരിൽ ഒരു ജനതയെ ഒഴിവാക്കി ഭൂമി പിടിച്ചെടുക്കാൻ ശ്രമം നടത്തുകയാണ്. ഇസ്രയേൽ ആക്രമണം ഏകപക്ഷീയമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒരു ഭീകരവാദിയാണ്. ഇറാന്റെ പ്രതിരോധം പ്രതിരോധിച്ചത് ഇസ്രായേൽ അല്ല. അമേരിക്കൻ യുദ്ധക്കപ്പലുകളാണ് അതിനെ പ്രതിരോധിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഈ കടന്നാക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേര് മരിച്ചു. ഏത് രാജ്യത്തെ ആക്രമിക്കാനും രാജ്യ തലവന്മാരെ കൊല്ലാനും അവകാശമുണ്ടെന്ന് അമേരിക്കൻ സാമ്രാജ്യത്വം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റുകാലത്ത് ഇന്ത്യ ചേരിചേരാ നയത്തിൻ്റെ ചാമ്പ്യനായിരുന്നു. അഫ്ഗാൻ സർക്കാരിനെ തകർക്കാൻ അമേരിക്ക ഭീകരവാദിയെ ഉപയോഗിച്ചു. അമേരിക്ക തന്നെയാണ് ഇവർക്ക് പരിശീലനവും നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത് ലോകം കണ്ടതാണെന്നും പുരാണങ്ങളിലാണ് ഇതെല്ലാം കേട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യ കത്തുമ്പോൾ അഗ്നിയിൽ പെടുന്നത് മലയാളികളാണ്. യുദ്ധം കൊണ്ട് എല്ലാത്തിനെയും കീഴടക്കാൻ കഴിയുമെന്ന ചിന്ത ഒരു ശക്തിക്കും വേണ്ടയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. യുദ്ധത്തിന് മുൻകൈ എടുത്തത് അമേരിക്കയാണ്. രണ്ട് ദിവസം മുന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ നിന്ന് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് കടന്നാക്രമണം തുടങ്ങിയത്.

ഇറാന് അമേരിക്കയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ ആവില്ല. ഇതിൽ ഒന്നും നരേന്ദ്ര മോദിക്ക് യാതൊരു കുലുക്കവുമില്ല. കാരണം മോദി അമേരിക്കയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരട്ട ചുങ്കം ചുമത്തിയാലും മോദിക്ക് പ്രശ്നമല്ല. മോദിയുടെ നിലപാട് ഇന്ത്യയെ അപമാനിക്കുന്നതാണെന്നും ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/345004/irans-missile-drone-attack-mvgovindan)