---
title: "'ആകാശം പോർവിമാനങ്ങൾ കൊണ്ട് നിറയുന്നു, ഭൂമി മൃതശരീരങ്ങൾ കൊണ്ടും, സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതുക' - എം. സ്വരാജ്"
english_title: "MSwaraj strongly protests the joint Israeli-American attack on Iran."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344942/mswaraj-strongly-protests-the-joint-israeli-american-attack-on-iran"
published_at: "2026-03-01T12:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3e92c4c23f_eran.jpg"
keywords: []
---

# 'ആകാശം പോർവിമാനങ്ങൾ കൊണ്ട് നിറയുന്നു, ഭൂമി മൃതശരീരങ്ങൾ കൊണ്ടും, സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതുക' - എം. സ്വരാജ്

> **Lead Summary:** **തിരുവനന്തപുരം: **ഇറാനെതിരായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കടുത്ത പ്രതിഷേധവുമായി സിപിഐഎം നേതാവ് എം. സ്വരാജ്. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതണമെന്ന് ആഹ്വാനം ചെയ്താണ് സ്വരാജിന്റെ പ്രതികരണം.

## Article Content

**തിരുവനന്തപുരം: **ഇറാനെതിരായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കടുത്ത പ്രതിഷേധവുമായി സിപിഐഎം നേതാവ് എം. സ്വരാജ്. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതണമെന്ന് ആഹ്വാനം ചെയ്താണ് സ്വരാജിന്റെ പ്രതികരണം.

സാമ്രാജ്യത്വ യുദ്ധവെറി ഇറാനെ ലക്ഷ്യമിടുമ്പോൾ ഒരിക്കൽക്കൂടി ലോകം അശാന്തമാകുകയാണ്. അമേരിക്കൻ -ഇസ്രയേൽ ആക്രമണത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ പുറത്തുവരുന്ന വാർത്ത പെൺകുട്ടികളുടെ സ്‌കൂൾ ആക്രമിക്കപ്പെട്ടതിന്റെയും നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന്റെയുമാണ്. എല്ലാ യുദ്ധങ്ങളും ആദ്യം കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്സഹായരായ മനുഷ്യരെയും കൊന്നൊടുക്കുന്നു. എല്ലാ യുദ്ധങ്ങളിലും മനുഷ്യർ പരാജയപ്പെടുന്നു. മനുഷ്യത്വവുമെന്നും സ്വരാജ് കുറിച്ചു.

എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം..****

**സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതുക…**

*ആകാശം പോർവിമാനങ്ങൾ കൊണ്ട് നിറയുന്നു. ഭൂമി മൃതശരീരങ്ങൾ കൊണ്ടും. സാമ്രാജ്യത്വ യുദ്ധവെറി ഇറാനെ ലക്ഷ്യമിടുമ്പോൾ ഒരിക്കൽക്കൂടി ലോകം അശാന്തമാകുന്നു. അമേരിക്കൻ - ഇസ്രയേൽ ആക്രമണത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ പുറത്തുവരുന്ന വാർത്ത പെൺകുട്ടികളുടെ സ്‌കൂൾ ആക്രമിക്കപ്പെട്ടതിന്റെയും നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന്റെയുമാണ്. എല്ലാ യുദ്ധങ്ങളും ആദ്യം കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്സഹായരായ മനുഷ്യരെയും കൊന്നൊടുക്കുന്നു. *

*എല്ലാ യുദ്ധങ്ങളിലും മനുഷ്യർ പരാജയപ്പെടുന്നു. മനുഷ്യത്വവും. ലോകത്തിലാദ്യമായി ആണവായുധം പ്രയോഗിച്ചവർ ഇപ്പോഴും ആണവായുധശേഖരം കൈവശമുള്ളവർ ഇറാൻ ആണവായുധം നിർമ്മിച്ചേക്കുമെന്ന കാരണം പറഞ്ഞുകൊണ്ട് നടത്തുന്ന ആക്രമണം ക്രൂരമായ ഫലിതമാണ്. അമേരിക്കയും ഇസ്രായേൽ ഉൾപ്പെടെയുള്ള കൂട്ടാളികളും ഇറാന്റെ മാത്രമല്ല ലോകത്തിന്റെയാകെ ശത്രുക്കളായി മാറിയിരിക്കുന്നു. മനുഷ്യവംശത്തിന്റെ ശത്രുക്കൾ. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് ലോകമെങ്ങുമുള്ള മനുഷ്യരുടെ കടമയാണ്. കൊല്ലപ്പെടുന്ന മനുഷ്യരൊക്കെയും നമ്മുടെ സഹോദരങ്ങളാണ്.*

*യുദ്ധഭീകരതയ്‌ക്കെതിരെ ഓരോ തെരുവിലും സമാധാനത്തിന്റെ പതാകകൾ ഉയരണം. **മാനവികതയുടെ മുദ്രാവാക്യങ്ങൾ ലോകത്തിനു വഴികാട്ടുമ്പോൾ കുഞ്ഞുങ്ങളുടെ ചോരപുരണ്ട സാമ്രാജ്യത്വം ലജ്ജിക്കട്ടെ….*

*സാമ്രാജ്യത്വം തുലയട്ടെ….*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344942/mswaraj-strongly-protests-the-joint-israeli-american-attack-on-iran)