---
title: "വിമാനയാത്രക്കാർ ശ്രദ്ധിക്കുക: മിഡിൽ ഈസ്റ്റിലെ സംഘർഷം; ഇന്ന് 444 വിമാന സർവീസുകൾ റദ്ദാക്കാൻ സാധ്യത"
english_title: "Tensions in the Middle East, strict restrictions on air passengers, Ministry of Civil Aviation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344916/tensions-in-the-middle-east-strict-restrictions-on-air-passengers-ministry-of-civil-aviation-new"
published_at: "2026-03-01T10:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3cb16da911_fly.jpg"
keywords: []
---

# വിമാനയാത്രക്കാർ ശ്രദ്ധിക്കുക: മിഡിൽ ഈസ്റ്റിലെ സംഘർഷം; ഇന്ന് 444 വിമാന സർവീസുകൾ റദ്ദാക്കാൻ സാധ്യത

> **Lead Summary:** **ന്യൂ ഡൽഹി: ** മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാനയാത്രക്കാർക്ക് കടുത്ത നിയന്ത്രണങ്ങളുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് വരും ദിവസങ്ങളിൽ വിമാന സർവീസുകളെ കാര്യമായി ബാധിക്കും.

## Article Content

**ന്യൂ ഡൽഹി: ** മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാനയാത്രക്കാർക്ക് കടുത്ത നിയന്ത്രണങ്ങളുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് വരും ദിവസങ്ങളിൽ വിമാന സർവീസുകളെ കാര്യമായി ബാധിക്കും.

ഞായറാഴ്ച ഏകദേശം 444 വിമാന സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം. ഇറാനിലും മിഡിൽ ഈസ്റ്റിന്റെ മറ്റ് ഭാഗങ്ങളിലും വ്യോമാതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് അറിയിപ്പ് പുറത്തുവിട്ടത്.

ഇറാനിൽ യു.എസും ഇസ്രായേലും ആക്രമണം നടത്തിയതിനെ തുടർന്ന് പശ്ചിമേഷ്യയാകെ സംഘർഷാവസ്ഥയിലാണ്. ഇതിനോടനുബന്ധിച്ച് വ്യോമഗതാഗതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്താൻ ശനിയാഴ്ച ഉദ്യോഗസ്ഥർ യോഗം ചേർന്നതായും മന്ത്രാലയം പറഞ്ഞു.

ഫെബ്രുവരി 28 ശനിയാഴ്ച്ച ആഭ്യന്തര വിമാനക്കമ്പനികളുടെ 410 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇന്ന് 444 വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും ഞായറാഴ്ച പുലർച്ചെ എക്‌സിൽ പങ്ക് വച്ച പോസ്റ്റിൽ മന്ത്രാലയം അറിയിച്ചു. സുരക്ഷയും പ്രവർത്തന മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എയർലൈനുകളുമായി അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡി.ജി.സി.എ അറിയിച്ചു.

യാത്രക്കാർക്ക് പരാതികൾ സമർപ്പിക്കാനും ട്രാക്ക് ചെയ്യാനും തത്സമയ ഫ്ലൈറ്റ് വിവരങ്ങൾ പരിശോധിക്കാനും അനുവദിക്കുന്ന ഡിജിറ്റൽ പരാതി പരിഹാര പ്ലാറ്റ്‌ഫോമായ എയർസേവക്ക് ഇതുമായി ബന്ധപ്പെട്ട് 216 പരാതികൾ ലഭിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഇതിൽ 105 എണ്ണം പരിഹരിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344916/tensions-in-the-middle-east-strict-restrictions-on-air-passengers-ministry-of-civil-aviation-new)