---
title: "മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നേതൃത്വത്തിന് അന്ത്യം; ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം, ഖമേനിയുടെ വിയോഗത്തിൽ വിറങ്ങലിച്ച് ഇറാൻ"
english_title: "Iran observes 40 days of mourning, Iran in mourning over Khamenei's death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344901/iran-observes-40-days-of-mourning-iran-in-mourning-over-khameneis-death"
published_at: "2026-03-01T08:19:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3a9c3af568_9.jpg"
keywords: []
---

# മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നേതൃത്വത്തിന് അന്ത്യം; ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം, ഖമേനിയുടെ വിയോഗത്തിൽ വിറങ്ങലിച്ച് ഇറാൻ

> **Lead Summary:** **ടെഹ്‌റാൻ: **മുപ്പത്തിയേഴ് വർഷത്തോളം ഇറാനെ നയിച്ച പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനി കൊല്ലപ്പെട്ട വിവരം ഇറാൻ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

## Article Content

**ടെഹ്‌റാൻ: **മുപ്പത്തിയേഴ് വർഷത്തോളം ഇറാനെ നയിച്ച പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനി കൊല്ലപ്പെട്ട വിവരം ഇറാൻ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഞായറാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇറാൻ കാബിനറ്റ് ഈ നിർണ്ണായക വിവരം ലോകത്തെ അറിയിച്ചത്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി 'രക്തസാക്ഷിത്വം' വരിച്ചതെന്ന് ഇറാൻ അറിയിച്ചു.

ടെഹ്‌റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടുണ്ടായ അതിശക്തമായ ബോംബാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണ സമയത്ത് കൂടെയുണ്ടായിരുന്ന മകൾ, പേരക്കുട്ടി, മരുമകൻ എന്നിവർക്കും ജീവൻ നഷ്ടമായതായാണ് വിവരം.

ഇറാൻ വിപ്ലവത്തിന്റെ തുടർച്ചയും ഇസ്‌ലാമിക ലോകത്തെ കരുത്തനായ നേതാവുമായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയായിട്ടാണ് ഖമേനിയുടെ വിയോഗത്തെ ഭരണകൂടം കാണുന്നത്. ഇതിന്റെ ഭാഗമായി ഇറാനിൽ 40 ദിവസത്തെ ദേശീയ ദുഃഖാചരണവും ഒരാഴ്ചത്തെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

പടിഞ്ഞാറൻ ശക്തികളുടെ അധിനിവേശത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച നേതാവായിരുന്നു ഖമേനിയെന്ന് ഇറാൻ സർക്കാർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം പശ്ചിമേഷ്യയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344901/iran-observes-40-days-of-mourning-iran-in-mourning-over-khameneis-death)